ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്ത് പരിധിയിൽ വരുന്ന കല്ലങ്കുന്ന്, തുറവൻകാട് പ്രദേശങ്ങളിൽ അപകടകരമായ രീതിയിൽ കാലാവധി കഴിഞ്ഞ മരുന്നുകളുടെ ചാക്കുകൾ തള്ളിയ നിലയിൽ. പരിശോധനയിൽ പുറന്തള്ളിയ മാലിന്യത്തിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ മാലിന്യം തള്ളിയ വ്യക്തിയിൽ നിന്നും പിഴ ഈടാക്കുന്നതിനുള്ള നടപടികൾ പഞ്ചായത്ത് സ്വീകരിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള കാലാവധി കഴിഞ്ഞ മരുന്നുകളുടെ ഇരുപതോളം ചാക്കുകളാണിതെന്ന് പരിശോധനയിൽ കണ്ടെത്തി. പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലും അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളറുടെ ഓഫീസിലും പരാതി നൽകി. അസിസ്റ്റന്റ് സെക്രട്ടറി മനോജ് മുകുന്ദൻ, പഞ്ചായത്ത് അംഗം റോസ്മി ജയേഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. മാലിന്യം തള്ളിയവർക്കെതിരെ നടപടി തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |