പെട്രോളിയം മന്ത്രാലയത്തിന്റെ 79ാം സ്വാതന്ത്ര്യദിനാഘോഷ പോസ്റ്ററിൽ മഹാത്മാഗാന്ധിക്ക് മുകളിലായി ഹിന്ദു മഹാസഭാ നേതാവ് വി ഡി സവർക്കർ വന്നത് വലിയ വിവാദമായിരിക്കുകയാണ്. പോസ്റ്ററിലുള്ള ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ് എന്നിവർക്കും മുകളിലായാണ് സവർക്കറുള്ളത്. പെട്രോളിയം മന്ത്രാലയത്തിന്റെ ട്വിറ്റർ പേജിലാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. തൃശൂർ എംപി സുരേഷ് ഗോപി പെട്രോളിയം മന്ത്രാലയം സഹമന്ത്രിയാണ്. ഇപ്പോഴിതാ സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സുധ മേനോൻ. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സുരേഷ് ഗോപി സഹമന്ത്രി ആയി ഇരിക്കുന്ന പെട്രോളിയം മന്ത്രാലയത്തിന്റെ പോസ്റ്റർ ആണ്. ബാപ്പുവിന് മുകളിൽ സവർക്കർ! ഗാന്ധിഹത്യയിൽ’ പ്രതിയായിരുന്ന സവർക്കർ ആണ് ഗാന്ധിജിയെക്കാൾ പ്രാധാന്യത്തോടെ പോസ്റ്ററിൽ! തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടയാൾ... നെഹ്‌റു എവിടെയും ഇല്ല!
നാണമുണ്ടോ എന്ന് ചോദിക്കുന്നില്ല... ബഹുമാന്യനായ സുരേഷ് ഗോപിയോട്! സ്കൂളിൽ പോലും താങ്കൾ ചരിത്രം പഠിച്ചിട്ടില്ലേ?
സഹമന്ത്രിയെ ഒരു കാര്യം കൂടി ഓർമ്മിപ്പിക്കട്ടെ? ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഗാന്ധിജിയും നെഹ്രുവും പട്ടേലും ആസാദും അടക്കമുള്ള നേതാക്കൾ ജയിലിൽ കിടക്കുമ്പോൾ, പതിനായിരക്കണക്കിന് സമരഭടന്മാരെ ബ്രിട്ടീഷ് പൊലീസ് ക്രൂരമായി മർദ്ദിക്കുമ്പോൾ, ഈ പോസ്റ്ററിൽ കാണുന്ന സവർക്കർ അദ്ധ്യക്ഷനായ ഹിന്ദു മഹാസഭ, സാക്ഷാൽ ജിന്നയുടെ മുസ്ലിം ലീഗുമായി ചേർന്ന് സിന്ധിലും, വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലും അധികാരം പങ്കിടുകയായിരുന്നു എന്നറിയാമോ?
1943ൽ സിന്ധ് പ്രവിശ്യ പാകിസ്ഥാൻ പ്രമേയം പാസാക്കിയപ്പോഴും, ഒറ്റുകാരായ മഹാസഭ പിന്തുണ പിൻവലിക്കുകയോ രാജിവയ്ക്കുകയോ ചെയ്തില്ല എന്ന് അറിയാമോ? മാത്രമല്ല,നിങ്ങളുടെ ആരാധ്യ നേതാവായിരുന്ന ശ്യാമപ്രസാദ് മുഖർജി, 1941ൽ ബംഗാളിലെ ഫസലുൾ ഹഖ് മന്ത്രിസഭയിലെ ധനകാര്യമന്ത്രി ആയിരുന്നു എന്നറിയാമോ? അതെ,1940ൽ പാകിസ്ഥാന് വേണ്ടിയുള്ള ലീഗിന്റെ ലാഹോർ പ്രമേയം അവതരിപ്പിച്ച സാക്ഷാൽ ഫസലുൾ ഹഖിന്റെ മന്ത്രിസഭയിൽ! സവർക്കറുടെ അന്നത്തെ കത്തുകൾ എല്ലാം ഇപ്പോഴും ആർകൈവുകളിൽ ഉണ്ടെന്നു മറക്കരുത്. ഒറ്റിന്റെ മായാത്ത തെളിവായി!
ബഹുമാന്യനായ മന്ത്രീ, നിങ്ങൾ ഫോട്ടോ ഒഴിവാക്കിയാലും നെഹ്‌റുവിന്റെ സ്മരണകളെ നിങ്ങൾക്ക് ഇല്ലാതാക്കാൻ കഴിയില്ല. ജവഹർലാൽ നെഹ്‌റു ഒരുകാലത്തും ഈ മഹാരാജ്യത്തെയും ഇവിടുത്തെ ജനങ്ങളെയും ഒറ്റുകൊടുത്തിട്ടില്ല എന്ന് നെഞ്ചിൽ കൈവച്ചു കൊണ്ട് പതറാതെ എനിക്ക് പറയാൻ കഴിയും.. ഓരോ ഇന്ത്യക്കാരനും പറയാൻ കഴിയും. നിങ്ങളുടെ നേതാക്കളെക്കുറിച്ച് അങ്ങനെ പറയാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |