വടക്കാഞ്ചേരി: മച്ചാട് വീണ്ടും പകിടകളിയുടെ ആവേശത്തിലേക്ക്. കരുമത്ര പകിട കളി സംഘത്തിന്റെ നേതൃത്വത്തിൽ മൂന്നു മാസത്തോളം നീണ്ടു നിൽക്കുന്ന അഖിലകേരള പകിട മാമാങ്കത്തിന് കരുമത്ര പഞ്ചായത്ത് ഗ്രൗണ്ടിൽ ശനിയാഴ്ച്ച തുടക്കമാകും.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 64 ഓളം ടീമുകൾ മാറ്റുരയ്ക്കും. ശനിയാഴ്ച്ച വൈകിട്ട് അഞ്ചിന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുനിൽ കുമാർ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി, വാർഡ് മെമ്പർ ഐശ്വര്യ ഉണ്ണി, പഞ്ചായത്തംഗം പി.എസ്.റഫീഖ്, പകിട കളി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ കളരിക്കൽ, മലപ്പുറം പകിട കളി അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ്, കരുമത്ര പകിട കളി സംഘം പ്രസിഡന്റ് കണ്ണൻ കൊച്ചാട്ടിൽ, ട്രഷറർ ശ്രീശങ്കർ തടത്തിൽ എന്നിവർ പങ്കെടുക്കും.
തുടർന്ന് വൈകിട്ട് ആറു മുതൽ ആരംഭിക്കുന്ന ആദ്യദിനത്തിൽ നാലു മത്സരങ്ങളിലായി എട്ട് ടീമുകൾ പങ്കെടുക്കും. ഇതിന് മുന്നോടി സംഘടിപ്പിച്ച ട്വന്റി ട്വന്റി പകിട കളി മത്സരത്തിൽ ജേതാക്കളായ പെരിങ്ങണ്ടൂർ പകിട കളി സംഘം, രണ്ടാം സ്ഥാനക്കാരായ കാവുംപുറം ടൗൺ ടീം എന്നിവർക്കുള്ള സമ്മാനദാനവും ഉദ്ഘാടന സമ്മേളനത്തിൽ നടക്കും.
പണ്ട് ഏറെ പ്രചാരമുണ്ടായിരുന്ന പകിടകളി കാലം മാറിയപ്പോൾ അന്യംനിന്നുപോകുന്ന അവസ്ഥയിലായി. കളിപ്രേമികളായ ഒരുകൂട്ടം ആൾക്കാരുടെ ശ്രമഫലമായാണ് പകിടകളിക്ക് ഇപ്പോൾ പുതുജീവൻ ലഭിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |