ലോക മീറ്റിന് യോഗ്യത നേടി കളക്ട്രേറ്റ് ഉദ്യോഗസ്ഥ
കൊച്ചി: സ്വന്തം പേര് അർത്ഥവത്താക്കുകയാണ് സർക്കാർ ഉദ്യോഗസ്ഥയായ വിജയം. കേവലം അഞ്ചു മാസം മുമ്പ് തുടക്കമിട്ട പവർ ലിഫ്ടിംഗിൽ സ്വർണക്കൊയ്ത്തുമായി. സംസ്ഥാന, ദേശീയ മാസ്റ്റേഴ്‌സ് ചാമ്പ്യൻഷിപ്പുകളിലെ 'വിജയ'താരം ഇപ്പോൾ ലോക മീറ്റിന്റെ പടിവാതിൽക്കലാണ്.
തൃപ്പൂണിത്തുറ എരൂർ 'സമീര'യിൽ കെ.വിജയം പവർ ലിഫ്ടിംഗിൽ എത്തിയത് നിനച്ചിരിക്കാതെയാണ്. ചെറുപ്പം മുതലേ സ്‌പോർട്‌സ് ഇഷ്ടമാണ്. ക്രിക്കറ്റും ബാഡ്മിന്റണുമൊക്കെ കാണാറുണ്ട്. ഒളിമ്പിക്‌സ് സംപ്രേഷണത്തിലെ ഭാരോദ്ധ്വഹന മത്സരങ്ങളിൽ കണ്ണുടക്കാറുമുണ്ട്. എന്നാൽ ഒരിനത്തിലും പങ്കെടുത്തിരുന്നില്ല.
എറണാകുളം കളക്ട്രേറ്റിൽ തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ ഓഫീസിലാണ് വിജയത്തിന് ജോലി. മൂന്നുവർഷമായി വീട്ടിൽ വ്യായാമങ്ങൾ ചെയ്യാറുണ്ട്. മാസങ്ങൾക്ക് മുമ്പ് വർക്കൗട്ടിന് വൈറ്റില ഗോൾഡ്‌സ് ജിമ്മിൽ ചേർന്നു. തനിക്ക് ഭാരമുയർത്തൽ മത്സരത്തിനുള്ള കഴിവുണ്ടെന്ന് പരിശീലകൻ സൂരജ് അടക്കം തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായതെന്ന് വിജയം പറയുന്നു. തുടർന്ന് ജില്ലാ, സംസ്ഥാന, ദേശീയതലങ്ങളിൽ പങ്കെടുത്ത് വിജയിച്ചു. 55 വയസിന് മുകളിലുള്ളവരുടെ 50-52 കിലോ വിഭാഗത്തിലാണ് മത്സരം. ആഗസ്റ്റ് ആദ്യം കോഴിക്കോട് നടന്ന നാഷണൽസിൽ സ്‌ക്വാട്ട്, ബെഞ്ച് പ്രസ്, ഡെഡ് ലിഫ്ട് ഇനങ്ങളിൽ സ്വർണം നേടി. ആകെ 205 കിലോ ഉയർത്തി. ലോക ചാമ്പ്യൻഷിപ്പിന് യോഗ്യതയുമായി.
ഒക്ടോബറിൽ ദക്ഷിണാഫ്രിക്കയിലാണ് ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ക്ലാസിക് പവർ ലിഫ്ടിംഗ് ചാമ്പ്യൻഷിപ്പ്. കടമ്പകളുണ്ടെങ്കിലും വിജയം തീവ്രപരിശീലനത്തിലാണ്. ബിസിനസുകാരനായ ഭർത്താവ് ഉണ്ണിക്കൃഷ്ണനും മക്കളായ മീരയും സന്ദീപും പ്രോത്സാഹനവുമായുണ്ട്.
ആഴ്ചയിൽ 5 ദിവസം പരിശീലനമുണ്ട്. ജോലിയുളളതിനാൽ വൈകിട്ടാണ് ജിമ്മിലെത്തുക. ലോക മീറ്റ് ലക്ഷ്യമിട്ട്, ഉയർത്തുന്ന ഭാരം മെച്ചപ്പെടുത്താനാണ് ശ്രമം. മൂന്നിനങ്ങളിലായി 270- 300 കിലോ ഉയർത്തുകയാണ് ലക്ഷ്യം. ലോക മീറ്റിൽ പങ്കെടുക്കാൻ ചെലവേറും. പണം കണ്ടെത്തലാണ് പ്രധാന കടമ്പ.
കെ.വിജയം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |