പുതുതലമുറ ആവേശപൂർവം ആഘോഷിക്കുന്ന, മലയാള സിനിമയ്ക്ക് പുതിയ ദൃശ്യഭാഷ സമ്മാനിച്ച മമ്മൂട്ടിയുടെ കൾട്ട് ചിത്രം ബിഗ് ബി റീ റിലീസിനൊരുങ്ങുന്നു. പതിനെട്ടു വർഷങ്ങൾക്ക് മുൻപ് റിലീസായ ബിഗ് ബിയ്ക്കും മമ്മൂട്ടിയുടെ സ്‌റ്റൈലൻ ക്യാരക്ടറായ ബിലാലിനും റിലീസ് സമയത്തേക്കാൾ ആരാധകരുണ്ടായത് പിന്നീടാണ്. മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ആരാധകർ പിന്നീടുള്ള വർഷങ്ങളിൽ സംഘടിപ്പിച്ച ബിഗ് ബിയുടെ സ്‌പെഷ്യൽ ഷോകൾക്ക് കയ്യും കണക്കുമില്ല. അമൽ നീരദ് സംവിധായകനായി അരങ്ങേറിയ ബിഗ് ബി ക്യാമറാമാൻ സമീർ താഹിറിന്റെയും എഡിറ്റർ വിവേക് ഹർഷന്റെയും സൗണ്ട് ഡിസൈനർ തപസ് നായക്കിന്റെയും സിമ്രാന്റെ അനുജൻ സുമിത്തിന്റെയും സായിപ്പ് ടോണിയായി വന്ന ഷെർവീർ വക്കീലിന്റെയുമടക്കം അനേകം അരങ്ങേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ബോളിവുഡ് താരവും മുൻ മിസ് ഇന്ത്യയുമായിരുന്ന നഫീസ അലിയും ഗായിക ശ്രേയ ഘോഷാലും മലയാളത്തിൽ അരങ്ങേറ്റം കുറിച്ചതതും സംഗീത സംവിധായകൻ ഗോപി സുന്ദറിന് താരപ്പകിട്ട് കിട്ടിയതും ബിഗ് ബി യിലൂടെത്തന്നെ. മരിക്കാർ ഫിലിംസിന്റെ ബാനറിൽ ഷാഹുൽ ഹമീദ് മരിക്കാറും ആന്റോ ജോസഫും ചേർന്ന് നിർമ്മിച്ച ബിഗ് ബിയിൽ മമ്മൂട്ടിയ്‌ക്കൊപ്പം മനോജ് കെ. ജയൻ, ബാല, ഇന്നസെന്റ്, മണിയൻപിള്ള രാജു, വിജയരാഘവൻ, പശുപതി, വിനായകൻ, ജാഫർ ഇടുക്കി, സന്തോഷ് ജോഗി, ശ്രീജിത്ത് രവി, ഒ.ജി സുനിൽ, മംമ്ത മോഹൻദാസ്, ലെന, നിഷ സാരംഗ് തുടങ്ങിയവരും വേഷമിട്ടിട്ടുണ്ട്. ബിഗ് ബിയുടെ 4 കെ അറ്റ്‌മോസ് സൗണ്ട് സിസ്റ്റത്തിൽ റീ മാസ്റ്റർ ചെയ്ത പ്രിന്റാണ് റീ റിലീസ് ചെയ്യുന്നത്. സെപ്തംബർ 7ന് മമ്മൂട്ടിയുടെ ജന്മദിനത്തിൽ റീ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |