കൊച്ചി: മണ്ണെണ്ണയും വാതിൽപ്പടിയായി എത്തിച്ചുനൽകാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം ആശ്വാസമെങ്കിലും റേഷൻ വ്യാപാരികളുടെ ആശങ്ക ഒഴിഞ്ഞിട്ടില്ല. നിർദ്ദേശം വീണ്ടും നിയമനടപടികളിൽ കുടുങ്ങുമോയെന്നതാണ് കാരണം. ഉത്തരവ് വേഗത്തിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് റേഷൻ വ്യാപാരികളുടെ സംഘടന ഇന്നലെ ഭക്ഷ്യമന്ത്രിക്ക് കത്ത് നൽകി. റേഷൻ വ്യാപാരികളുടെയും മണ്ണെണ്ണ ഡീലർമാരുടെയും യോഗം വിളിക്കണമെന്നും കത്തിലുണ്ട്. മണ്ണെണ്ണ വാതിൽപ്പടിയായി എത്തിക്കുന്നതിൽ മൂന്ന് മാസത്തിനകം ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം.
സംസ്ഥാനത്ത് രണ്ടുവർഷമായി മുടങ്ങിയ മണ്ണെണ്ണ വിതരണം ജൂലായ് 21നാണ് പുനരാരംഭിച്ചത്. ആദ്യ ആഴ്ചയിൽ സർക്കാർ പ്രഖ്യാപനം ജില്ലയിൽ നടപ്പായിരുന്നില്ല. മണ്ണെണ്ണ എടുക്കുന്നതുമൂലമുള്ള സാമ്പത്തിക പ്രതിസന്ധിയായിരുന്നു കാരണം. മണ്ണെണ്ണ റേഷൻകടയിൽ എത്തിച്ച് നൽകാനാവില്ലെന്ന നിലപാടിലായിരുന്നു സർക്കാരും ഡീലർമാരും. തുടർന്നാണ് റേഷൻ വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചത്.
നിലവിൽ ഒരു റേഷൻകടയ്ക്ക് ശരാശരി 300 ലിറ്റർ മണ്ണെണ്ണയാണ് അനുവദിക്കുന്നത്. കമ്മിഷനായി ലഭിക്കുക 1800 രൂപ. ഇതിൽ നിന്ന് മൊത്തവിതരണ കേന്ദ്രത്തിലെത്തി മണ്ണെണ്ണ എടുക്കുന്നതിന്റെ വാഹനച്ചെലവും മറ്റും കൂട്ടുമ്പോൾ കമ്മിഷനേക്കാൾ അധികമാകും. ഇത് ഹൈക്കോടതിയും ശരിവച്ചു. മണ്ണെണ്ണ എടുക്കാനുള്ള ചെലവ് കണക്കാക്കിയാണ് ജൂൺ ഒന്ന് മുതൽ കമ്മിഷൻ ലിറ്ററിന് 3.70 രൂപയിൽ നിന്ന് ആറായി വർദ്ധിപ്പിച്ചതെന്ന സർക്കാർ വാദവും സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.
മൊത്തവിതരണ കേന്ദ്രങ്ങൾ 5ൽ താഴെ
സംസ്ഥാനത്ത് 200ൽ പരം മണ്ണെണ്ണ ഡീലർമാർ ഉണ്ടായിരുന്നത് ഇപ്പോൾ നൂറിൽ താഴെയേയുള്ളൂ. 2002ലെ പെട്രോളിയം ചട്ടങ്ങൾ പ്രകാരമാണ് കളക്ടർമാർ ലൈസൻസ് പുതുക്കുന്നത്. പുതിയ ലൈസൻസ് ലഭിക്കാൻ പൊലീസ്, തഹസിൽദാർ, ഫയർഫോഴ്‌സ് എന്നിവർ നൽകുന്ന എൻ.ഒ.സി വേണം. രണ്ട് വർഷം മുമ്പ്, കണയന്നൂർ താലൂക്കിൽ മാത്രം അഞ്ച് ഡീലർമാർ ഉണ്ടായിരുന്നു. ഇപ്പോൾ, ജില്ലയിൽ മൊത്തവിതരണ കേന്ദ്രങ്ങൾ അഞ്ചിൽ താഴെയാണ്.
മുൻഗണനാ വിഭാഗങ്ങളായ പിങ്ക്, മഞ്ഞ (പി.എച്ച്.എച്ച്, എ.എ.വൈ) കാർഡുടമകളാണ് മണ്ണെണ്ണയ്ക്ക് അർഹർ. ഇവർക്ക് മൂന്നുമാസം കൂടുമ്പോൾ അരലിറ്റർ മണ്ണെണ്ണയാണ് ലഭിക്കുക.
എ.എ.വൈ കാർഡ് ഉടമകൾക്ക് ഒരു ലിറ്റർ മണ്ണെണ്ണ 61 രൂപ നിരക്കിൽ ലഭിക്കും.
വൈദ്യുതി കണക്ഷൻ ഇല്ലാത്ത കാർഡ് ഉടമകൾക്ക് ആറ് ലിറ്റർ മണ്ണെണ്ണയാണ് ലഭിക്കുന്നത്.
ചില്ലറവ്യാപാരിക്ക് 10 മുതൽ 50 ലിറ്റർ വരെയാണ് അലോട്ടുമെന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |