കാസർകോട്: ഉഡുപ്പി കരിന്തളം 400 കെവി ലൈൻ പൂർത്തിയാകുന്നതോടെ ഉത്തരകേരളത്തിലെ വൈദ്യുതിവിതരണത്തിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി, സംസാരിക്കുകയായിരുന്നു മന്ത്രി.
400 കെവി ലൈൻ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. രാജ്യത്ത് ആദ്യമായി നാലു മണിക്കൂർ തുടർച്ചയായി വൈദ്യുതി നൽകാൻ കഴിയുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം കാസർകോട് മൈലാട്ടിയിൽ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയില്ലാത്ത ഈ പദ്ധതി 15 മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ഒൻപത് വർഷത്തിനുള്ളിൽ വൈദ്യുതി വിതരണം മേഖലയിൽ 13015 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.
വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷറഫ്, സി.എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരൻ, എം. രാജഗോപാലൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ, ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി എന്നിവർ അഭിവാദ്യം സ്വീകരിച്ചു. പത്മശ്രീ പുരസ്‌കാര ജേതാവ് സത്യനാരായണ ബളേരിയെ ചടങ്ങിൽ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ, എ.ഡി.എം.പി അഖിൽ, ഡെപ്യൂട്ടി കളക്ടർമാർ പൊലീസ് ഉദ്യോഗസ്ഥർ, ജില്ലാതല ഉദ്യോഗസ്ഥർ, തഹസിൽദാർമാർ പൊതുജനങ്ങൾ വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുത്തു.
പരേഡിൽ 15 പ്ലറ്റൂണുകൾ അണി നിരന്നു. കാസർകോട് എസ്.ഡി.പി.ഒ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് ഡോ എം. നന്ദഗോപൻ പരേഡ് കമ്മാൻഡറും കാസർകോട് സ്‌പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ എം.സദാശിവൻ സെക്കന്റ് ഇൻ കമാൻഡറും ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |