ന്യൂഡൽഹി: ജമ്മു കാശ്മീരിലെ കിഷ് ത്വാർ ജില്ലയിലെ ചസോതിയിൽ മചൈൽ മാതാ ക്ഷേത്രത്തിന് സമീപമുണ്ടായ മേഘവിസ്‌ഫോടനത്തിലും മിന്നൽപ്രളയത്തിനും മരിച്ചവരുടെ എണ്ണം 60 ആയി. നൂറിലേറെപ്പേർക്ക് പരിക്കേറ്റതായും ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും പറഞ്ഞു. മരിച്ചവരിലേറെയും മചൈൽ മാതാ ക്ഷേത്രത്തിലെത്തിയ തീർത്ഥാടകരാണ്.
ജമ്മു കാശ്മീർ പൊലീസ്, എസ്.ഡി.ആർ.എഫ്, എൻ.ഡി.ആർ.എഫ്, സി.ആർ.പി.എഫ്, സൈന്യം എന്നിവ രക്ഷാപ്രവർത്തനം തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാൽ വ്യോമമാർഗ്ഗമുള്ള രക്ഷാപ്രവർത്തനം തുടങ്ങും.
അവശിഷ്ടങ്ങൾക്കിടയിൽ അഞ്ഞൂറോളം ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. ആയിരത്തിലേറെയുണ്ടെന്ന കണക്കുകളും പുറത്തുവരുന്നു. മേഘവിസ്‌ഫോടനം നടന്ന സമയത്ത് പ്രദേശത്ത് ഏകദേശം 1200 പേർ ഉണ്ടായിരുന്നുവെന്ന് ജമ്മു കാശ്മീർ ബി.ജെ.പി നേതാവ് സുനിൽ ശർമ്മ പറഞ്ഞു.
ഇതുവരെ 167 പേരെ രക്ഷപ്പെടുത്തി. ഇതിൽ 38 പേരുടെ നില ഗുരുതരമാണ്. അപകടത്തിൽപെട്ട രണ്ട് സി.ഐ.എസ്.എഫ് ജവാൻമാരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. രണ്ടുപേരെ കണ്ടെത്താനുണ്ട്. തീർത്ഥാടന സുരക്ഷയ്ക്കായി നിയോഗിച്ച സി.ഐ.എസ്.എഫ് ജവാൻമാരാണ് അപകടത്തിൽപെട്ടത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കിഷ്ത്വാറിലെ ചസോതി മേഖലയിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ പ്രദേശമാകെ ഒലിച്ചുപോയത്. ഹിമാലയൻ ക്ഷേത്രമായ മചൈൽ മാതാ ചണ്ഡിയിലേക്കുള്ള യാത്ര ആരംഭിക്കുന്ന പ്രദേശമാണ് ചസോതി.
ചസോതി ഗ്രാമം വരെയാണ് വാഹനസൗകര്യമുള്ളത്. ഇവിടെ നിന്ന് കാൽനടയായി എട്ടര കിലോമീറ്റർ സഞ്ചരിച്ചാണ് മലമുകളിലെ ക്ഷേത്രത്തിലെത്തേണ്ടത്. ഈ പാതയടക്കം പ്രളയത്തിൽ മുങ്ങിപ്പോയി. മലയടിവാരത്തുണ്ടായിരുന്ന ഒട്ടേറെ വീടുകൾ ഒലിച്ചുപോയി.
കിഷ് ത്വാർ ജില്ലാ ഭരണകൂടം സ്വാതന്ത്ര്യദിനാഘോഷങ്ങൾ ചുരുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |