ആലപ്പുഴ: 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഓൺലൈൻ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. https://nehrutrophy.nic.in എന്ന വെബ്‌സൈറ്റിലൂടെ ടിക്കറ്റുകൾ സൈറ്റിൽ ഇന്നുമുതൽ ലഭ്യമാകും. ഫെഡറൽ ബാങ്കും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയും കരൂർ വൈശ്യ ബാങ്കുമാണ് ഇതിനായി പെയ്‌മെന്റ് ഗേറ്റ് വേ സംവിധാനം ഒരുക്കിയിരിക്കുന്നത്. ജില്ലയിലെയും എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ സമീപ ജില്ലകളിലെയും പ്രധാന സർക്കാർ ഓഫീസുകളിൽ നിന്ന് ടിക്കറ്റ് ലഭിക്കും.
നാലുപേർക്ക് പ്രവേശനം ലഭിക്കുന്ന നെഹ്‌റു പവലിയനിലെ പ്ലാറ്റിനം കോർണർ ടിക്കറ്റ് വില 25000 രൂപയാണ്. ഒരാൾക്കുള്ള പ്ലാറ്റിനം കോർണർ ടിക്കറ്റ് നിരക്ക് 1000 രൂപയാണ്. ഈ ടിക്കറ്റ് എടുക്കുന്നവരെ പവലിയനിലെത്തിക്കാൻ പ്രത്യേക ബോട്ട് സൗകര്യമുണ്ടാകും. ഇവർക്ക് ഭക്ഷണസൗകര്യവും ഇവിടെയൊരുക്കിയിട്ടുണ്ട്. നെഹ്‌റു പവലിയിനിലെ ടൂറിസ്റ്റ് ഗോൾഡ് ടിക്കറ്റ് 3000 രൂപ, ടൂറിസ്റ്റ് സിൽവർ 2500, കോൺക്രീറ്റ് പവലിയനിലെ റോസ് കോർണർ 1500, വിക്ടറി ലെയ്‌നിലെ വുഡൻ ഗ്യാലറി 500, ഓൾ വ്യൂ വുഡൻ ഗാലറി 400, ലേക്ക് വ്യൂ ഗോൾഡ് 200, ലോൺ 100രൂപ എന്നിങ്ങനെയാണ് മറ്റു ടിക്കറ്റുകളുടെ നിരക്ക്.
ചടങ്ങിൽ കളക്ടർ അലക്‌സ് വർഗീസ്, എ.ഡി.പം ആശ സി. എബ്രഹാം, എൻ.ടി.ബി.ആർ സൊസൈറ്റി സെക്രട്ടറി സമീർ കിഷൻ, ആലപ്പുഴ നഗരസഭാ ഉപാദ്ധ്യക്ഷൻ പി.എസ്.എം ഹുസൈൻ, ഡെപ്യൂട്ടി കളക്ടർ സി. പ്രേംജി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |