ആലപ്പുഴ: ഭിന്നിപ്പിച്ചു ഭരിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യമെന്നത് രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല സാമൂഹ്യനീതിയുടെ പ്രഖ്യാപനം കൂടിയാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന ജില്ലാതല ആഘോഷത്തിൽ ദേശീയപതാക ഉയർത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിനസന്ദേശം നൽകുകയായിരുന്നു മന്ത്രി.
പരേഡിൽ മികച്ച പ്രകടനം നടത്തിയവർക്ക് മന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ കളക്ടർ അലക്സ് വർഗീസും ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രനും ചേർന്നാണ് മുഖ്യാതിഥിയെ സ്വീകരിച്ചത്. എച്ച്.സലാം എം.എൽ.എ, നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ, മുൻ എം.എൽ.എ എ.എ.ഷുക്കൂർ, നഗരസഭ മുൻ അദ്ധ്യക്ഷ സൗമ്യരാജ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ആർ.പ്രേം, നഗരസഭാംഗങ്ങളായ അഡ്വ.റീഗോ രാജു, എ.ഷാനവാസ്, ഹെലൻ ഫെർണാണ്ടസ് , ഗോപിക വിജയപ്രസാദ്, എ.ഡി.എം ആശ സി .എബ്രഹാം, സബ് കളക്ടർ സമീർ കിഷൻ,
ഡെപ്യൂട്ടി കളക്ടർ സി.പ്രേംജി തുടങ്ങിയവർ പങ്കെടുത്തു. കുത്തിയതോട് സി.ഐ എം.അജയ് മോഹനായിരുന്നു പരേഡ് കമാൻഡർ. 13പ്ലാറ്റൂണുകളാണ് അണിനിരന്നത്.
ലിയോ തേർട്ടീന്തും ഗവ. മോഡൽ
റെസിഡൻഷ്യൽ സ്കൂളും ഒന്നാമത്
ആംഡ് കണ്ടിജന്റ് പ്ലാറ്റൂണുകളിൽ പുരുഷ ലോക്കൽ പൊലീസ് ഒന്നാം സ്ഥാനം നേടി. എൻ.സി.സി ജൂനിയർ വിഭാഗത്തിൽ ആലപ്പുഴ ലിയോ തേർട്ടീന്ത്, എസ്.പി.സി വിഭാഗത്തിൽ പുന്നപ്ര ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റെസിഡൻഷ്യൽ എച്ച്.എസ്.എസ്, സ്കൗട്ട് -ഗൈഡ് വിഭാഗത്തിൽ തുമ്പോളി മാതാ സീനിയർ സെക്കൻഡറി സ്കൂൾ, റെഡ് ക്രോസ് വിഭാഗത്തിൽ സെന്റ് ആന്റണീസ് ജി.എച്ച്.എസ്, കബ്സ് വിഭാഗത്തിൽ ലിയോ തേർട്ടീന്ത് എൽ.പി.എസ്, ബുൾബുൾ വിഭാഗത്തിൽ സെന്റ് ജോസഫ് എൽ.പി.ജി.എസ്, ബാൻഡ് സെറ്റ് ഒരുക്കിയതിൽ ലജ്നത്തുൽ മുഹമ്മദിയ എച്ച്.എസ്, ജൂനിയർ വിഭാഗത്തിൽ തുമ്പോളി മാതാ സീനിയർ സെക്കൻഡറി സ്കൂൾ എന്നിവ ഒന്നാം സ്ഥാനം നേടി. മികച്ച പ്ലാറ്റൂൺ കമാൻഡറായി എൻ.സി.സി ജൂനിയർ പ്ലാറ്റൂൺ കമാൻഡർ എം.ആർ.അൽത്താഫിനെ തിരഞ്ഞെടുത്തു.
സായുധസേനാ പതാക നിധിയിലേക്ക് ഏറ്റവും കൂടുതൽ പണം സമാഹരിച്ച് സർക്കാർ സ്ഥാപന വിഭാഗത്തിൽ കെ.എസ്.എഫ്.ഇ ആലപ്പുഴ റീജണൽ ഓഫീസും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആലപ്പുഴ എസ്.ഡി.വി ഇംഗ്ലീഷ് മീഡിയം സ്കൂളും ഒന്നാമതെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |