പത്തനംതിട്ട : രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്ത്വമെന്ന് മന്ത്രി വീണാജോർജ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന 79ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തി സന്ദേശം നൽകുകയായിരുന്നു മന്ത്രി.
വ്യത്യസ്ത ഭാഷയും സംസ്‌കാരവും ഭക്ഷണവും കലകളും ആസ്വദിക്കുന്ന ജനവിഭാഗത്തിന്റെ കൂട്ടായ്മയാണ് ഇന്ത്യ എന്ന മഹാരാജ്യം. പരസ്പരം ബന്ധിപ്പിക്കുന്നതും ഒന്നിച്ചുനിറുത്തുന്നതും ഭരണഘടനയാണ്. രാജ്യം സ്വതന്ത്രമായി നിലനിൽക്കണമെങ്കിൽ മൗലിക അവകാശത്തിനൊപ്പം ഭരണഘടനയും സംരക്ഷിക്കപ്പെടണം. നാടിനെ വിഭജിക്കുവാൻ വിധ്വംസക ശക്തികൾ പ്രവർത്തിക്കുന്നു. ഇവർക്കെതിരെ ജനാധിപത്യരീതിയിൽ നിലകൊള്ളണം. ജനുവരി 26 ലെ റിപ്പബ്ലിക്ക് ദിനാഘോഷം ജില്ലയിലെ പുതിയ സ്റ്റേഡിയത്തിൽ നടത്താമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവച്ചു.
മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചു. പൊലിസ് , ഫോറസ്റ്റ് , ഫയർഫോഴ്‌സ് , എക്‌സൈസ് , എസ് പി സി , സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ജൂനിയർ റെഡ് ക്രോസ് , ഡിസ്‌പ്ലേ ബാൻഡ് സെറ്റ് എന്നിങ്ങനെ പ്ലറ്റൂണുകൾ പരേഡിൽ അണിനിരന്നു. പെരുനാട് പൊലിസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജി.വിഷ്ണുവായിരുന്നു പരേഡ് കമാൻഡർ.
ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ദേശഭക്തിഗാനം, സുംബാ ഡാൻസ്, വഞ്ചിപ്പാട്ട്, ദേശീയോദ്ഗ്രഥന നൃത്തം എന്നിവ അവതരിപ്പിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച ഗ്രൂപ്പുകൾക്കുള്ള ട്രോഫി വിതരണവും സമ്മാനദാനവും മന്ത്രി നിർവഹിച്ചു. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ, ജില്ലാ പൊലിസ് മേധാവി ആർ.ആനന്ദ്, പത്തനംതിട്ട നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ, കൗൺസിലർമാരായ ജാസിം കുട്ടി, സി.കെ.അർജുനൻ, പി.കെ.അനീഷ്, എം.സി.ഷരീഫ്, എ.സുരേഷ് കുമാർ, നീനു മോഹൻ, എ.ഡി.എം ബി.ജ്യോതി, കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ.സിന്ധു ജോൺസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |