കൊച്ചി: ആശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന കേസ് ആരോ ഫണ്ട് ചെയ്തതുമൂലം രൂപപ്പെട്ടതാണെന്ന് അമ്മയുടെ പ്രസിഡന്റും നടിയുമായ ശ്വേതാ മേനോൻ. തനിക്കെതിരെയുള്ള കേസിന് ഒരു ബേസ് ഉണ്ടായിരുന്നില്ല. ആരോ ഫണ്ട് ചെയ്ത പോലുള്ള കേസായിരുന്നു. അതിനെതിരെ പോരാടുമെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി.
'എനിക്ക് എതിരായ കേസിന്റെ പ്രചോദനം എന്താണെന്ന് അറിയില്ല. ആരെങ്കിലും ഇതിന് പിന്നിലുണ്ടോ എന്ന് അറിയില്ല. ആരോ ഫണ്ട് ചെയ്ത കേസായിരുന്നു അത്. ഞാൻ പ്രതികരിക്കുമെന്ന് എല്ലാവർക്കും അറിയാം. എന്റെ കുടുംബത്തിന് വേണ്ടിയും ആത്മാഭിമാനത്തിന് വേണ്ടിയും ഞാൻ പോരാടും. കേസ് ഇപ്പോൾ കോടതിയിലാണ്'- ശ്വേതാ മേനോൻ
അമ്മ പ്രസിഡന്റ് പദവി വെല്ലുവിളി നിറഞ്ഞതാണെന്നും സംഘടനയിൽ ചർച്ചകളിലൂടെ മാറ്റങ്ങൾ നടപ്പാക്കുമെന്നും ശ്വേതാ മേനോൻ പറഞ്ഞു. കേസിലൂടെ ശ്വേതയെ തളർത്താനാകില്ലെന്നായിരുന്നു ശ്വേതയുടെ ഭർത്താവ് ശ്രീവത്സന്റെ പ്രതികരണം. കുടുംബാംഗങ്ങൾ എല്ലാവിധ പിന്തുണയുമായി കൂടെയുണ്ടെന്നും ശ്രീവത്സൻ വ്യക്തമാക്കി.
അമ്മ സംഘടനയുടെ 31 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിത തിരഞ്ഞെടുക്കപ്പെടുന്നത്. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലും വനിതകളാണ്. കുക്കു പരമേശ്വരനാണ് ജനറൽ സെക്രട്ടറി. ലക്ഷ്മിപ്രിയ വൈസ് പ്രസിഡന്റ്. അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി. ട്രഷററായി ഉണ്ണി ശിവപാലും മറ്റൊരു വൈസ് പ്രസിഡന്റായി ജയൻ ചേർത്തലയും തിരഞ്ഞെടുക്കപ്പെട്ടു.
എക്സിക്യുട്ടീവ് കമ്മിറ്റി വനിതാ വിഭാഗത്തിൽ അഞ്ജലി നായർ, ആശ അരവിന്ദ്, നീനു കുറുപ്പ്, സരയു മോഹൻ എന്നിവരും പൊതുവിഭാഗത്തിൽ ജോയ് മാത്യു, കൈലാഷ്, ഡോ.റോണി ഡേവിഡ് രാജ്, സന്തോഷ് കീഴാറ്റൂർ, സുജോയ് വർഗീസ്, ടിനി ടോം, വിനു മോഹൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ദേവനെയാണ് ശ്വേതാ മേനോൻ പരാജയപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |