അജ്‌മാൻ: യുഎഇയിൽ സാധാരണയായി കാണപ്പെടുന്ന ഇ- സ്‌കൂട്ടർ അജ്‌മാനിൽ ഉടൻ നിരോധിക്കും. വളരെയേറെ ചർച്ചകൾക്ക് ശേഷമാണ് അജ്‌മാനിൽ ഇ - സ്‌കൂട്ടർ നിരോധിക്കാനുള്ള തീരുമാനമെടുത്തതെന്ന് റോഡ് സുരക്ഷാ വിദഗ്ദ്ധർ പറയുന്നു. ഇ - സ്‌കൂട്ടർ നിരോധനം ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിലും സമൂഹത്തിന്റെ സുരക്ഷയ്‌ക്കായുള്ള ഈ നീക്കം മനസിലാക്കുന്നുവെന്നാണ് താമസക്കാർ പറയുന്നത്.
മിക്ക യാത്രക്കാരും ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെങ്കിലും അശ്രദ്ധരായ കുറച്ചുപേർ ഗുരുതര അപകടങ്ങൾ ഉണ്ടാക്കുന്നുവെന്ന് എംഎ ട്രാഫിക് കൺസൾട്ടിംഗിന്റെ സ്ഥാപകനായ ഡോ. മുസ്‌തഫ അൽദ പറഞ്ഞു. ഒരാൾ ചെയ്യുന്ന തെറ്റാണെങ്കിൽ പോലും അത് സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെയാണ് പൊതുനിരത്തുകളിൽ നിന്ന് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ നിരോധിക്കുമെന്ന് അജ്‌മാൻ പൊലീസ് പ്രഖ്യാപിച്ചത്. ഇലക്‌ട്രിക് സ്‌കൂട്ടർ ഉപഭോക്താക്കളും ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്കുള്ള അതേ നിയമങ്ങൾ പാലിക്കണമെന്ന് കഴിഞ്ഞ മാസം നിർദേശം പുറത്തിറക്കിയിരുന്നു. അനധികൃതമായി ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിരോധിക്കാനുള്ള നീക്കത്തിലേക്കെത്തിയത്.
തെറ്റായ ദിശയിൽ വരുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകൾ പല തരത്തിലുള്ള അപകടങ്ങളാണ് ഉണ്ടാക്കുന്നത്. നിരവധിപേർക്ക് ജീവൻ നഷ്‌ടപ്പെട്ടു. പലർക്കും പരിക്കേൽക്കുകയും ചെയ്‌തു. 2024ൽ മാത്രം 254 അപകടങ്ങൾ രേഖപ്പെടുത്തി. ഇതിൽ പത്തുപേർ മരിക്കുകയും 259പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |