ബംഗളൂരു: ബംഗളൂരു നഗരത്തിൽ വീണ്ടും തീപിടിത്തം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ അപകടത്തിൽ രണ്ട് രാജസ്ഥാൻ സ്വദേശികളാണ് മരിച്ചത്. മദൻകുമാർ, ഭാര്യ സംഗീത എന്നിവരാണ് മരിച്ചത്. നഗരത്‌പേട്ടയിലായിരുന്നു സംഭവം.അപകടത്തിൽ രണ്ട് കുട്ടികൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. തീപിടിത്തമുണ്ടായ കെട്ടിടത്തിന്റെ മുകളിലെ നിലയിൽ താമസിച്ചിരുന്നവരാണ് മരിച്ചത്.
ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ചവിട്ടിയും കാർപ്പറ്റും നിർമിക്കുന്ന കടയായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇന്നലെയും ബംഗളൂരു നഗരത്തിൽ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു മരണം സംഭവിച്ചിരുന്നു. സെന്‍ട്രല്‍ ബംഗളൂരുവിലെ വില്‍സണ്‍ ഗാര്‍ഡനിലാണ് അപകടം സംഭവിച്ചത്. മുബാരക് എന്ന പത്തുവയസുകാരനാണ് മരിച്ചത്. ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ആറ് വീടുകള്‍ തകരുകയും ചെയ്തു. ഇന്നലെ രാവിലെയായിരുന്നു സംഭവം.
വീടുകള്‍ തിങ്ങി നിറഞ്ഞ ചിന്നപാളയം എന്ന പ്രദേശത്താണ് പൊട്ടിത്തെറിയുണ്ടായത്. തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നവയാണ് തകര്‍ന്ന ആറ് വീടുകളും. സിലിണ്ടറിന് ചോര്‍ച്ചയുണ്ടായിരുന്നുവെന്നും ഇതാണ് അപകടത്തിന് കാരണമെന്നുമാണ് വിവരം. അപകടമുണ്ടായ വീട്ടില്‍ മൂന്ന് പേരാണ് താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് കാലമായി ഇവര്‍ ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. അപകടമുണ്ടായ വീടിന് സമീപത്തെ വീട്ടിലെ കുട്ടിയാണ് മരിച്ചത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സംഭവസ്ഥലത്ത് സന്ദര്‍ശനം നടത്തിയിരുന്നു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് കര്‍ണാടക സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. മരിച്ച കുട്ടിയുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |