റിയാദ്: സൗദി പ്രോ ലീഗ് ക്ലബ് അല്‍ നസ്സറും ഇന്ത്യയില്‍ നിന്നുള്ള എഫ്‌സി ഗോവയും എഎഫ്‌സി സൂപ്പര്‍ ലീഗില്‍ ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതോടെ ആവേശത്തിലാണ് ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസ്സറിനായി കളിക്കാന്‍ ഇന്ത്യയില്‍ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ അതിനുള്ള സാദ്ധ്യത കുറവാണെന്നതാണ് വാസ്തവം. താരം ഇന്ത്യയില്‍ കളിക്കാന്‍ അദ്ദേഹത്തിന്റെ ക്ലബ്ബിന് സമ്മര്‍ദ്ദം ചെലുത്താനും കഴിയില്ല.
അല്‍ നസ്സറും റൊണാള്‍ഡോയും തമ്മില്‍ 2027 വരെ കരാര്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അടുത്തിടെ കരാര്‍ പുതുക്കിയപ്പോള്‍ അതില്‍ പറയുന്ന ചില വ്യവസ്ഥകളാണ് ഇന്ത്യയിലെ ആരാധകര്‍ക്ക് നിരാശ സമ്മാനിക്കുന്നത്. അല്‍ നസ്സറിനായി സൗദിക്ക് പുറത്ത് എവേ മത്സരങ്ങള്‍ താരം കളിക്കണമെങ്കില്‍ അത് സ്വന്തം ഇഷ്ടപ്രകാരം മാത്രമായിരിക്കും. ക്ലബ്ബിനോ പരിശീലകനോ ഇതിനായി ക്രിസ്റ്റിയാനോയെ നിര്‍ബന്ധിക്കാന്‍ കഴിയില്ല.
എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോയുടെ അല്‍ നസ്‌റും ഇന്ത്യന്‍ ക്ലബായ എഫ്.സി ഗോവയും ഇന്നത്തെ നറുക്കെടുപ്പിനൊടുവില്‍ ഒരേ ഗ്രൂപ്പില്‍ വന്നിരുന്നു. കഴിഞ്ഞ ദിവസം ഒമാന്‍ ക്ലബായ അല്‍ സീബിനെ 2-1ന് തോല്‍പ്പിച്ചാണ് എഫ്.സി ഗോവ എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ ഇടംപിടിച്ചത്.
എഫ്.സി ഗോവക്കൊപ്പം മോഹന്‍ ബഗാനും ഇന്ത്യയില്‍ നിന്നും എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ കളിക്കും. എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകളാണ് എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ മാറ്റുരക്കുക. സെപ്റ്റംബര്‍ 16നാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്. ഇന്ന് മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ വെച്ചാണ് ടൂര്‍ണമെന്റിന്റെ നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പ് പൂര്‍ത്തിയാകുന്നതിന് പിന്നാലെ ടൂര്‍ണമെന്റിന്റെ പൂര്‍ണ ഫിക്‌സ്ചര്‍ പുറത്ത് വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |