ചെന്നൈ: ആധുനികവത്കരണത്തിന്റെ പാതയില്‍ മുന്നേറുന്ന ഇന്ത്യന്‍ റെയില്‍വേ ഏറ്റവും പുതിയ മോഡലിലൂടെ ലക്ഷ്യമിടുന്നത് സാധാരണ യാത്രക്കാരെ. വന്ദേഭാരത് ചെയര്‍ കാര്‍, വന്ദേഭാരത് സ്ലീപ്പര്‍ എന്നീ പ്രീമിയം ട്രെയിനുകള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് താങ്ങാവുന്ന നിരക്കല്ലെന്ന വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഈ ഘട്ടത്തിലാണ് അമൃത് ഭാരത് എക്‌സ്പ്രസുകള്‍ എന്ന ആശയവുമായി റെയില്‍വേ രംഗത്ത് വന്നത്.
അമൃത് ഭാരത് ട്രെയിനുകളുടെ ആദ്യത്തെ രണ്ട് പതിപ്പുകളും വിജയകരമാകുകയും യാത്രക്കാര്‍ ഏറ്റെടുക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഈ മോഡലിനെ പരിഷ്‌കരിച്ച് 3.0 എന്ന ആശയമാണ് നടപ്പിലാക്കാന്‍ പോകുന്നത്. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് പുതിയ മോഡല്‍ നിര്‍മിക്കുക. യാത്രാസുഖവും കുറഞ്ഞ യാത്രാനിരക്കും ഉറപ്പാക്കുന്നതിന് എസി, നോണ്‍-എസി കോച്ചുകള്‍ ഒരുമിപ്പിച്ച് മിക്‌സഡ് അമൃത് ഭാരത് 3.0 ട്രെയിനുകള്‍ വികസിപ്പിക്കുമെന്ന് ഐസിഎഫ് ജനറല്‍ മാനേജര്‍ യു സുബ്ബ റാവു പറഞ്ഞു.
സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും താങ്ങാനാവുന്ന നിരക്കില്‍ മികച്ച യാത്രാനുഭവം നല്‍കാന്‍ ലക്ഷ്യമിടുന്നതായിരുന്നു 2023-ല്‍ ആരംഭിച്ച അമൃത് ഭാരത് ട്രെയിനുകള്‍. നിലവില്‍, രാജ്യത്തുടനീളം ആകെ എട്ട് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ഓടുന്നുണ്ട്. ജനറല്‍, സ്ലീപ്പര്‍ കോച്ചുകള്‍ മാത്രം ഉള്‍ക്കൊള്ളിച്ചാണ് ആദ്യത്തെ അമൃത് ഭാരത് എക്‌സ്പ്രസുകള്‍ ട്രാക്കിലേക്ക് എത്തിയത്.
പിന്നീട് ഇതിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇറക്കിയപ്പോള്‍ സെമി-ഓട്ടോമാറ്റിക് കപ്ലറുകള്‍, പുതിയ മോഡുലാര്‍ ടോയ്ലറ്റുകള്‍, എമര്‍ജന്‍സി ടോക്ക് ബാക്ക് സംവിധാനം, ഇപി അസിസ്റ്റഡ് ബ്രേക്ക് സിസ്റ്റം, പുതുതായി രൂപകല്‍പന ചെയ്ത സീറ്റുകളും ബര്‍ത്തുകളും, പുതിയ ഡിസൈനിലുള്ള പാന്‍ട്രി കാര്‍, വന്ദേ ഭാരതിന് സമാനമായ ലൈറ്റിങ് സംവിധാനം, ഫയര്‍ ഡിറ്റക്ഷന്‍ സിസ്റ്റം, പുറത്തുള്ള എമര്‍ജന്‍സി ലൈറ്റുകള്‍, മൊബൈല്‍ ഫോണ്‍ ഹോള്‍ഡറുകളോടുകൂടിയ ചാര്‍ജിങ് സോക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിരുന്നു. 3.0 മോഡലില്‍ ഇതേ സൗകര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് എസി കമ്പാര്‍ട്‌മെന്റുകള്‍ കൂടി ഉള്‍പ്പെടുത്താനാണ് റെയില്‍വേയുടെ പദ്ധതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |