കാഞ്ഞങ്ങാട്: ദുർഗ ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാംക്ളാസുകാരൻ മുഹമ്മദ് അജാസ് ഫാദിയുടെ ജീവൻ തിരിച്ചുപിടിച്ചത് ഉറ്റസുഹൃത്തിന്റെ നാലിടി കൊണ്ടാണ്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ നിന്ന അജാസിനെ എൻ.ഡി.ടി.ആർ.എഫ് സംഘം നൽകിയ ജീവൻരക്ഷാ പരിശീലനപാഠം തക്കസമയത്ത് പ്രയോഗിച്ചാണ് സഹപാഠി മുഹമ്മദ് സഹൽ ഷഹസാദ് രക്ഷിച്ചെടുത്തത്. നാട്ടിലും സ്കൂളിലും ഇതോടെ ഹീറോ പരിവേഷമാണ് സഹലിന്.
ഉച്ചയ്ക്ക് സ്കൂളിന് സമീപത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെ മുഹമ്മദ് അജാസ് ഫാദി പെട്ടെന്ന് അസ്വസ്ഥനാകുകയും ശ്വാസം കിട്ടാതെ കണ്ണുതള്ളി വെപ്രാളപ്പെടുകയുമായിരുന്നു.ഹോട്ടലിൽ ഉണ്ടായിരുന്നവരെല്ലാം ഭയന്നുനിൽക്കെ കൂടെയുണ്ടായിരുന്ന സഹലിന് കാര്യം മനസിലായി. രണ്ടുദിവസം മുമ്പ് സ്കൂളിൽ എസ്.പി.സി കേഡറ്റുകൾക്ക് എൻ.ഡി.ടി.ആർ.എഫ് സംഘം നൽകിയ പരിശീലനം ഓർമ്മിച്ചെടുത്ത ഈ കുട്ടി അപ്പോൾ തന്നെ ശ്വാസം കിട്ടാതെ പുളയുന്ന സുഹൃത്തിനെ കുനിച്ചുനിർത്തി മുതുകിൽ ഇടിക്കുകയായിരുന്നു. ഇടിക്കുന്നതിനിടെ അജാസ് ഛർദ്ദിച്ചു.അതുവഴി തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണം പുറത്തെത്തി. കൂട്ടുകാരൻ ശ്വാസം വീണ്ടെടുത്തത് കണ്ടപ്പോൾ ഷഹസാദിനും ശ്വാസം വീണു. തക്കസമയത്ത് ഇടപെട്ട് കൂട്ടുകാരന്റെ ജീവൻ രക്ഷിച്ചെടുത്ത സഹലിനെ
അനുമോദനങ്ങൾ കൊണ്ട് മൂടുകയാണ് സുഹൃത്തുക്കളും അദ്ധ്യാപകരും നാട്ടുകാരും പൊലീസും എൻഡിആർഎഫ് സംഘാംങ്ങളുമെല്ലാം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്‌കൂളിൽ എസ്.പി.സി കേഡറ്റുകൾക്ക് എൻ.ടി.ടി.ആർ.എഫിന്റെ തമിഴ്നാട് ആരക്കോണത്തുള്ള നാലാം ബറ്റാലിയൻ അംഗങ്ങൾ ക്ലാസെടുത്തത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാൽ കുഞ്ഞുങ്ങളെ രക്ഷിക്കേണ്ട വിധവും ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ജീവൻ അപകടത്തിലാവുന്ന സാഹചര്യത്തിൽ ചെയ്യേണ്ടതുമെല്ലാമാണ് എൻ.ഡി.ആർ.എഫ് സംഘം കുട്ടികളെ പഠിപ്പിച്ചത്. ഇത് കഴിഞ്ഞ് രണ്ട് ദിവസത്തിനകമാണ് സഹൽ പഠിച്ച വിദ്യ പ്രയോജനപ്പെടുത്തി ഉറ്റസുഹൃത്തിന്റെ ജീവൻ രക്ഷിച്ചെടുത്തത്.സഹലിന്റെ തക്ക സമയത്തെ ഇടപെടലിൽ വലിയ അഭിമാനം തോന്നിയെന്ന് സ്കൂളിലെ എസ്.പി.സി ചുമതലക്കാരിയായ അദ്ധ്യാപിക എം.തുഷാര പറഞ്ഞു. സംഭവം നടന്നതിന് തൊട്ടുപിന്നാലെ തന്റെ അടുത്തേക്ക് ഇരുവരും ഓടിവന്ന് കാര്യങ്ങൾ പറയുകയായിരുന്നുവെന്നും ഇവർ പറഞ്ഞു.
സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ ഷഹസാദിന് സ്‌കൂളിൽ അനുമോദനം നൽകി. ജില്ലാ കളക്ടർ കെ.ഇമ്പശേഖറുടെ അഭിനന്ദനവും സഹലിനെ തേടിയെത്തി. ബല്ല കടപ്പുറത്തെ പ്രവാസി അബ്ദുൾ ബഷീറിന്റെയും എ.ആരിഫയുടെയും മകനാണ് സഹൽ ഷഹസാദ്.
അജാസ് എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ഞങ്ങളൊരുമിച്ചാണ് ഭക്ഷണം കഴിക്കാൻ പോയത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് പെട്ടെന്ന് അവൻ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയത്. ഉടനെ ക്ലാസിൽ പഠിപ്പിച്ച രീതിയിൽ അവനെ സഹായിച്ചു. പുറത്ത് ഇടിച്ചപ്പോൾ അവൻ ഛർദിക്കുകയും ശ്വാസം നേരെയാകുകയും ചെയ്തു. വലിയ സന്തോഷം തോന്നി- സഹൽ ഷഹസാദ്
ജീവൻ തിരിച്ചുപിടിക്കാൻ 'ഹെംലിക് മെനൂവർ" വഴി
ശ്വാസം കിട്ടാതായാൽ വെറും നാലു മുതൽ എട്ടു മിനിറ്റ് വരെ മാത്രമേ ജീവനു പിടിച്ചുനിൽക്കാൻ സാധിക്കൂ. ഈ കുറഞ്ഞ സമയത്തിനകം തക്ക ശുശ്രൂഷ കിട്ടിയാൽ രക്ഷപ്പെടാം. എന്തെങ്കിലും വിഴുങ്ങിയതു മൂലം ശ്വാസതടസ്സമുണ്ടാകുന്നവരെ രക്ഷിക്കാനുള്ള അടിയന്തരശുശ്രൂഷയാണു ഹെംലിക് മെനൂവർ
ശ്വാസതടസ്സമനുഭവപ്പെടുന്നയാളുടെ പിന്നിൽ ശുശ്രൂഷകൻ നിൽക്കുക. തുടർന്നു രണ്ടു കൈയും മുന്നോട്ടെടുത്തു രോഗിയെ ചുറ്റിപ്പിടിക്കുക. ഒരു കൈ മുഷ്ടി ചുരുട്ടി, തള്ളവിരലിന്റെ ഭാഗം രോഗിയുടെ വയറിൽ ചേർത്തു പിടിക്കണം. വാരിയെല്ലിനു താഴെയും പൊക്കിളിനു മുകളിലുമായാണു കൈ വരേണ്ടത്. മറ്റേ കൈകൊണ്ട് ഈ മുഷ്ടിക്കു മുകളിലായി മുറുകെ പിടിക്കുക. വാരിയെല്ല് ഞെങ്ങാതെ വയറിലേക്കു ബലം കൊടുക്കുക. തുടർന്ന്, മുഷ്ടി പെട്ടെന്നു മുകളിലേക്കും തഴേക്കും നീക്കുക. വായുസഞ്ചാരം സുഗമമാകത്തക്ക രീതിയിൽ അമർത്തിവേണം ചെയ്യാൻ.കുടുങ്ങിയിരിക്കുന്ന വസ്തു പുറത്തുവരുംവരെ ഇതു തുടരുക. തുടർന്നു വൈദ്യസഹായം തേടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |