കണ്ണൂർ: ഒരു വർഷമായി ജീവൻ രക്ഷാമരുന്നും ലൂക്കോ ഫിൽട്ടർ സെറ്റും ലഭിക്കാതെ ദുരിതത്തിലായി ജില്ലയിലെ തലാസീമിയ രോഗികൾ. ആരോഗ്യ വകുപ്പിന് നിരവധി തവണ പരാതി നൽകിയിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ല.കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ നടത്തിയ മരുന്നിന് വേണ്ടിയുള്ള ടെൻഡറിൽ പങ്കെടുക്കാൻ മരുന്ന് കമ്പനികൾ മുന്നോട്ട് വരാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
മൂന്ന് തവണ ടെൻഡർ വിളിച്ചിട്ടും മരുന്ന് കമ്പനികൾ വന്നില്ല. എന്നാൽ ഈ കമ്പനികൾക്ക് സർക്കാർ കൃത്യമായി പണം നൽകാത്തതാണ് ടെൻഡറിൽ പങ്കെടുക്കാത്തതെന്നും ആരോപണമുണ്ട്. അതേസമയം രോഗികൾക്ക് മരുന്നും ഫിൽട്ടർ സെറ്റും ലഭ്യമാക്കാൻ മറ്റ് വഴികൾ തേടാൻ ഒരു വർഷമായിട്ടും സർക്കാർ തയാറാകുന്നില്ലെന്ന് രോഗികൾ പറഞ്ഞു.
ജില്ലയിൽ അറുപതോളം തലാസീമിയ രോഗികളാണുള്ളത്. സംസ്ഥാനത്തൊട്ടൊകെ 500 രോഗികളുള്ളതിൽ ഏറ്റവും കൂടുതൽ പേരും കണ്ണൂരിലാണ്.
താങ്ങാനാകില്ല ചികിത്സാചിലവ്
സ്വകാര്യ കമ്പനികളിൽ നിന്ന് ഫിൽട്ടർ സെറ്റ് വാങ്ങുമ്പോൾ 1100 മുതൽ 1300 വരെ നൽകണം. മാസത്തിൽ രണ്ടോ മൂന്നോ തവണ ഇവർക്ക് രക്തം നൽകേണ്ടി വരും. ഇത്രയും പണം നൽകി ഫിൽട്ടർ സെറ്റ് വാങ്ങാൻ കഴിയാത്തവരാണ് ഭൂരിഭാഗം പേരും. 55 രൂപ വില വരുന്ന ഗുളിക നാലുനേരം കഴിക്കണമെങ്കിൽ ദിവസം 220 രൂപ വരും. ദിവസവും ഇത്രയും തുക നൽകി ഗുളിക വാങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് രോഗികൾ.
നൽകിയ ലൂക്കോ സൈറ്റ് ഫിൽട്ടറിന് പാർശ്വഫലവും
ഇതിനിടയിൽ രോഗികളുടെ നിരന്തരം ആവശ്യംമൂലം രക്തം നൽകുന്നത് വഴിയുണ്ടാവുന്ന പാർശ്വഫലങ്ങൾ ഒഴിവാക്കാനുള്ള ലൂക്കോ സൈറ്റ് ഫിൽട്ടർ സെറ്റ് ലഭ്യമാക്കിയിരുന്നെങ്കിലും ഗുരുതര പ്രത്യാഘാതമുണ്ടാകുന്നുവെന്ന് കണ്ട് ഇതിന്റെ ഉപയോഗം സംസ്ഥാനം നിർത്തിവെച്ചു. എന്നാൽ പാർശ്വഫലമില്ലാത്തതും സുരക്ഷിതവുമായ ഫിൽട്ടർ സെറ്റ് നൽകാൻ ആരോഗ്യവകുപ്പ് യാതൊരു നടപടിയും സ്വകരിച്ചില്ല.
നയിക്കുന്നത് ഗുരുതര പ്രശ്നങ്ങളിലേക്ക്
ശരീരത്തിനാവശ്യമായ ഹീമോഗ്ലോബിൻ ഉത്പ്പാദിപ്പിക്കുവാനുള്ള കഴിവിനെയാണ് രക്തജന്യ രോഗമായ തലാസീമിയ ബാധിക്കുന്നത്. രോഗബാധിതർക്ക് ചുവപ്പ് രക്താണുകളുടെ എണ്ണവും ഹിമോഗ്ലോബിനും കുറവായിരിക്കും. തുടർച്ചയായി രക്തം നൽകുന്നത് കാരണം തലാസീമിയ രോഗികളുടെ ഹൃദയത്തിലും കരളിലും മറ്റ് ആന്തരികാവയവങ്ങളിലും അപകടകരമായി അടിഞ്ഞുകൂടുന്ന ഇരുമ്പിന്റെ അംശം ഒഴിവാക്കണം.ഇതിനാണ് ഈ മരുന്ന് കുത്തിവയ്ക്കുന്നത്.ദീർഘകാലം മരുന്ന് മുടങ്ങുന്ന സ്ഥിതിയുണ്ടായാൽ രോഗിക്ക് ഹൃദയാഘാതം സംഭവിക്കാനും സാദ്ധ്യതയുണ്ട്. മരുന്ന് ലഭിക്കാത്തതിനാൽ കരളിലും ഹൃദയത്തിലും ഇരുമ്പിന്റെ ആധിക്യം വർദ്ധിച്ച് അവശരായാണ് പല രോഗികളും കഴിയുന്നത്. ശരീരത്തിലെ അധികമുള്ള ഇരുമ്പിന്റെ അംശം നീക്കം ചെയ്യാൻ മറ്റ് ഗുളികകൾ സർക്കാർ ആശാധാര പദ്ധതി പ്രകാരം സൗജന്യമായി നൽകുന്നുണ്ട്. എന്നാൽ ഹൃദയത്തിലെയും കരളിലെയും ഇരുമ്പിന്റെ അംശം പുറത്ത് കളയാൻ ഇവ പര്യാപ്തമല്ല. ഈ സാഹചര്യത്തിൽ ഇഞ്ചക്ഷൻ മുടങ്ങുന്നത് രോഗികളുടെ ജീവന് തന്നെ ഭീഷണിയുയർത്തുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |