കോട്ടയം : കുറ്റിക്കാടുകൾക്ക് നടുവിലൊരു യുദ്ധസ്മാരകം. വീരചരമം പ്രാപിച്ച സൈനികരുടെ ഓർമ്മയ്ക്കായി ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് കീഴെ സ്ഥാപിച്ച യുദ്ധ സ്മാരകം കാട് കയറി നശിക്കുമ്പോഴും അധികൃതർക്ക് കണ്ടഭാവമില്ല. പരിസ്ഥിതി ദിനത്തിൽപ്പോലും ഇവിടേക്ക് ആരും തിരിഞ്ഞുനോക്കിയില്ല.
വിമുക്ത ഭടന്മാരുടെയും രാജ്യസ്‌നേഹികളുടെയും വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് കളക്ടറേറ്റ് വളപ്പിൽ സ്മാരകം സ്ഥാപിച്ചത്. 2010 സെപ്തംബർ 9 ന് മുൻമന്ത്രി കെ.പി രാജേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. നിർമ്മാണത്തിനും രൂപകല്പനയ്ക്കുമെല്ലാം നേതൃത്വം നൽകിയത് ജില്ലാ നിർമ്മിതി കേന്ദ്രമായിരുന്നു. വിശേഷാവസരങ്ങളിലെല്ലാം കളക്ടർ ഉൾപെടെയുള്ള ഉദ്യോഗസ്ഥർ ഇവിടെയെത്തി പുഷ്പാർച്ചനകൾ നടത്താറുണ്ട്.
വാഹനങ്ങളുടെ ശവപ്പറമ്പ്
ജില്ലാ ഭരണകൂടത്തിനാണ് പരിപാലന ചുമതല. കൃത്യമായി പരിപാലിക്കാത്തതിനാൽ സ്മാരകത്തിന് ചുറ്റും കാടുമൂടി. എസ്.ലത കളക്ടറായിരിക്കെ യുദ്ധസ്മാരകത്തിന്റെ പ്രൗഢി തിരിച്ചു പിടിക്കാൻ ശ്രമങ്ങളാരംഭിച്ചു. ഓണക്കാലത്ത് കുടുംബശ്രീ നേതൃത്വത്തിൽ യുദ്ധസ്മാരകം കേന്ദ്രീകരിച്ച് ബന്ദിപ്പൂ കൃഷി തുടങ്ങി. പിന്നീട് പി.കെ ജയശ്രി കളക്ടറായിരിക്കെ സ്മാരകം നവീകരിച്ചു. 2022 ജൂലായ് 15നായിരുന്നു നവീകരണ ഉദ്ഘാടനം. എന്നാൽ പിന്നീട് വിവിധ കേസുകളിൽപ്പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങളും, കേടായ സർക്കാർ വാഹനങ്ങളും ഇതിന് സമീപം ഇടാൻ തുടങ്ങി. ഭൂരിഭാഗവും തുരുമ്പെടുത്ത് തുടങ്ങി.
പാർക്കിംഗ് ഏരിയ
സ്മാരകത്തിന്റെ കാഴ്ച മറക്കുന്ന രീതിയിലാണ് കളക്ടറേറ്റിലെ പാർക്കിംഗ് സംവിധാനം. ഒപ്പം മാലിന്യം തള്ളാനുള്ള ഇടവുമായി. സമീപത്തെ കൂറ്റൻ മരങ്ങളുടെ ചില്ലകൾ ഒടിഞ്ഞു വീണത് നീക്കം ചെയ്യാൻ പോലും ആരും തയ്യാറാകുന്നില്ല.
''ജില്ലാ ഭരണകൂടത്തിന്റെ കടുത്ത അനാസ്ഥയാണ് ഇതിന് പിന്നിൽ. രാജ്യത്തിനായി ജീവത്യാഗം വരിച്ച സൈനികരോടുള്ള അപമാനമാണിത്. എത്രയും പെട്ടെന്ന് പരിസരം വെട്ടിത്തെളിക്കാൻ നടപടി സ്വീകരിക്കണം.
-വിമുക്തഭടന്മാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |