യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുകയോ യാത്ര പോകാൻ വിസമ്മതിക്കുയോ ചെയ്യുന്ന ഓട്ടക്കാർക്കെതിരെ നടപടി എടുക്കാൻ ധൈര്യമുണ്ടോയെന്നാണ് പുതിയ കളക്ടറോട് ചുറ്റുവട്ടത്തിന് ചോദിക്കാനുള്ളത്. കോട്ടയത്ത് പുതിയ കളക്ടറോ, പൊലീസ് മേധാവിയോ ചുമതലയേറ്റാൽ ഓട്ടോയിൽ മീറ്റർ നിർബന്ധമാക്കുമോ, പ്രീ പെയ്ഡ് സംവിധാനം ഏർപ്പെടുത്താൻ കഴിയുമോയെന്നത് മാദ്ധ്യമപ്രവർത്തകരുടെ ആദ്യചോദ്യമാണ്. ഇപ്പം ശരിയാക്കും, അമിത നിരക്ക് വാങ്ങുന്നവരുടെ മൂക്ക് ചെത്തുമെന്നൊക്കെ പറയുമെങ്കിലും 'വരുമോരോ കളക്ടർ വന്നപോലെപോകും 'എന്നതാണ് അനുഭവം. പുതിയ കളക്ടർ മലയാളി അല്ലാത്തതിനാൽ മുഖം നോക്കാതെ നടപടി എടുക്കുമെന്ന പ്രതീക്ഷയിൽ ചോദിക്കുകയാണ് വല്ലതും നടക്കുമോ? കോട്ടയത്ത് ഓട്ടോറിക്ഷയ്ക്ക് മീറ്റർ ഘടിപ്പിക്കുന്നത് പട്ടിയുടെ വാൽ കുഴലിലിലിട്ടു നിവർത്തുന്നതുപോലെയാണ്. പ്രധാന കേന്ദ്രങ്ങളിൽ പ്രീപെയ്ഡ് സംവിധാനം പോലുമില്ല. ഓരോ പ്രദേശത്തേയ്ക്കുള്ള കുറഞ്ഞ നിരക്ക് കാണിക്കുന്ന ബോർഡ് വയ്ക്കാൻ പോലും സമ്മതിക്കില്ല. മീറ്റർ ഉണ്ടെങ്കിലും എന്തു കൊണ്ട് പ്രവർത്തിപ്പിക്കുന്നില്ലെന്ന് ചോദിച്ചാൽ കോട്ടയത്തിന്റെ ഭൂമി ശാസ്ത്രം പറയും. റിട്ടേൺ ഓട്ടം കിട്ടില്ലെന്ന വർഷങ്ങളായുള്ള പല്ലവി ആവർത്തിക്കും. അമിതനിരക്ക് ഈടാക്കുന്ന ഓട്ടോക്കാർക്കെതിരായ പരാതി നൽകാൻ പണ്ട് സൗജന്യ പോസ്റ്റ് കാർഡ് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ വച്ചിരുന്നു. പരാതിക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷയില്ലാത്തതിനാലാവാം കാർഡ് അയയ്ക്കാൻ ആരും താത്പര്യം കാട്ടാതിരുന്നതിനാൽ പരാതിപ്പെട്ടി സംവിധാനം നാലുനിലയിൽ പൊട്ടി.
ഓട്ടോ മീറ്ററിൽ കാണുന്ന തുക എത്രയാണെങ്കിലും കൊടുക്കാം മീറ്റർ ഒന്നു പ്രവർത്തിപ്പിക്കാൻ നടപടി എടുപ്പിച്ചാൽ മതി. പ്രീപെയ്ഡ് സംവിധാനമേർപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ ഓരോ ഓട്ടോ സ്റ്റാൻഡിൽ നിന്നും പ്രധാന കേന്ദ്രങ്ങളിലേയ്ക്കുള്ള നിരക്ക് പ്രഖ്യാപിക്കണം. അത് എത്രയാണെങ്കിലും കൊടുക്കാൻ യാത്രക്കാർ തയ്യാറാണ്. വായിൽ തോന്നുന്ന നിരക്ക് പറഞ്ഞുള്ള പിടിച്ചുപറിയാണ് ചിലർ ഇപ്പോൾ നടത്തുന്നത്. അമിത നിരക്ക് ചോദ്യം ചെയ്താൽ ചീത്ത വിളിയും കേൾക്കണം. കോട്ടയത്ത് മാത്രം മീറ്റർ ശരിയാകില്ലെന്ന കേട്ടു പഴകിയ ന്യായം പറച്ചിൽ ചെറുപ്പക്കാരനായ പുതിയ കളക്ടറെങ്കിലും അംഗീകരിക്കരുത്. ടൗൺ പെർമിറ്റില്ലാത്ത നിരവധി ഓട്ടോകൾ തലങ്ങും വിലങ്ങും ഓടുന്നതിനാൽ തങ്ങൾക്ക് ഓട്ടമില്ലെന്നാണ് പെർമിറ്റുള്ളവരുടെ പരാതി. ഇതിന് അടിയന്തര പരിഹാരം കാണണം. ഓട്ടോചാർജ് ഈടാക്കുന്നതിന് വ്യവസ്ഥ ഉണ്ടാക്കണം. മീറ്റർ പ്രവർത്തിപ്പിക്കാർക്കെതിരെ നടപടി എടുക്കണം. അതിന് നട്ടെല്ലുണ്ടോ എന്നാണ് ചോദ്യം?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |