കോഴിക്കോട്: വേണ്ടത്ര സുരക്ഷയും മുൻകരുതലുമില്ലാത്തതിനാൽ ജില്ലയിൽ വെെദ്യുതി അപകടങ്ങളും മരണങ്ങളും കുത്തനെ കൂടുന്നു. നാല് വർഷത്തിനിടെ മരിച്ച മനുഷ്യരും മൃഗങ്ങളും കൂടുതലാണ്. പരിക്കേറ്റവരിലുമുണ്ട് വർദ്ധന.
കഴിഞ്ഞ ദിവസം വടകര തോടന്നൂരിൽ വീട്ടുമുറ്റത്തേയ്ക്ക് പൊട്ടിവീണ വെെദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് ആശാരിക്കണ്ടി ഉഷ(53) മരിച്ചിരുന്നു. വെെദ്യുതോപകരണങ്ങൾ അശ്രദ്ധമായി ഉപയോഗിക്കുന്നതിനെ തുടർന്ന് വീടുകളിൽ വച്ചും ഷോക്കേൽക്കുന്നുണ്ട്. ഗുണനിലവാരമില്ലാത്ത വയറിംഗും ഒരേ പ്ളഗിൽ നിന്ന് കൂടുതൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതും വിനയാകുന്നു. വെെദ്യുതി സുരക്ഷ സംബന്ധിച്ച് കെ.എസ്.ഇ.ബി ബോധവത്കരണം നടത്താറുണ്ടെങ്കിലും ഫലവത്താകുന്നില്ല. ജില്ലയിൽ നടപ്പു സാമ്പത്തിക വർഷം 45ലധികം അപകടമുണ്ടായി. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന് വിവരം ലഭിക്കാത്ത ചെറിയ അപകടങ്ങളുമുണ്ട്. ജനുവരി മുതൽ മാത്രം 12 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പൊട്ടിവീണ വെെദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരണം മഴക്കാലത്താണ് കൂടാറുള്ളത്. ചക്ക,മാങ്ങ,തേങ്ങ തുടങ്ങിയവ പറിക്കാൻ ഇരുമ്പുതോട്ടി ഉപയോഗിക്കുമ്പോൾ ലെെനിൽ തട്ടിയും അപകടമുണ്ടാകുന്നു. മലയോര മേഖലയിലാണിത് കൂടുതൽ. പൊട്ടിവീണവ പുന:സ്ഥാപിക്കാൻ വെെകുന്നതിനാൽ വന്യമൃഗങ്ങളും വനാതിർത്തി ഗ്രാമങ്ങളിലെ പശുക്കളും ആടുകളുമൊക്കെ ചാകുന്നു. അലക്ഷ്യമായി കാലികളെ മേയാൻ വിടുന്നതും പ്രശ്നമാണ്.
ലെെൻമാന്മാർക്കും ജീവഹാനി
ജോലിക്കിടെ ഷോക്കേറ്റ് ലൈൻമാന്മാർ മരിക്കുന്നതും വർദ്ധിക്കുകയാണ്. കെ.എസ്.ഇ.ബിയാണ് ഇത് തടയാൻ സുരക്ഷയൊരുക്കേണ്ടത്. കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവരുമുണ്ട്. അപകടം ഇല്ലാതാക്കാൻ നിരവധി നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർ സമർപ്പിച്ചിട്ടുണ്ടെങ്കിലും പലതും നടപ്പായില്ല. രണ്ട് ലൈനുകൾ യോജിക്കുന്ന ഇന്റർലിങ്ക്ഡ് പോസ്റ്റുകളിൽ സൂചന ബോർഡ് വയ്ക്കുക, ഇതിന്റെ ഇരു ദിശയിലുമുള്ള വൈദ്യുതി കണക്‌ഷൻ കുറച്ചുദൂരം സ്ഥിരമായി വിച്ഛേദിക്കുക തുടങ്ങിയവ അവയിൽ ചിലതാണ്. വീടുകളിലും സ്ഥാപനങ്ങളിലും ഇ.എൽ.സി.ബി (എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ) സ്ഥാപിക്കുന്നത് മറ്റൊരു പരിഹാരമാർഗമാണ്.
ശ്രദ്ധിക്കണം ഇവ
വീടുകളിലും സ്ഥാപനങ്ങളിലും ഇ.എൽ.സി.ബി സ്ഥാപിക്കുക.
വയറിംഗ് സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പാക്കുക.
ഒരു പ്ളഗിൽ ഒരു ഉപകരണം മാത്രം പ്രവർത്തിപ്പിക്കുക.
പൊട്ടിവീണ വെെദ്യതിക്കമ്പികളിൽ സ്പർശിക്കാതിരിക്കുക.
കോഴിക്കോട്ടെ മരണക്കണക്ക്
(വർഷം, മനുഷ്യർ, മൃഗങ്ങൾ)
2020-21....11....03
2021-22....13....12
2022-23....08....04
2023-24....17....0
2024-25....20....11
അപകടങ്ങൾ ആകെ
2020-21....26
2024-25....45
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |