പീരുമേട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയെ പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. തൊഴിൽ വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം കൈപ്പറ്റിയ എറണാകുളം ചന്ദനം വീട്ടിൽ അനീഷ് കുമാറിനെയാണ് (48) പീരുമേട് പൊലീസ് ബാംഗളൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.
2024ലാണ് പീരുമേട് പള്ളിക്കുന്ന് സ്വദേശി അമൽ വി. നായർ അനീഷി കുമാറിനെതിരെ പീരുമേട് പൊലീസിൽ പരാതി നൽകിയത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം രൂപയാണ് അനീഷ് അമലിൽ നിന്ന് പലപ്പോഴായി തട്ടിയെടുത്തത്. ഇതിനു ശേഷം കടുത്ത സാമ്പത്തിക ബാദ്ധ്യതയിലായ അമൽ കഴിഞ്ഞ ജനുവരിയിൽ ജീവനൊടുക്കി.
തുടർന്ന് തട്ടിപ്പ് നടത്തിയ അനീഷ് കുമാറിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു നാളുകളായി പൊലീസ്. മൊബൈൽ ഫോൺ നമ്പറുകൾ മാറ്റി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന അനീഷിനെ കഴിഞ്ഞ ദിവസമാണ് ബാംഗളൂരിൽ നിന്ന് പിടികൂടാനായത്.
പലരെയും ഫോൺ വിളിച്ച് വിദേശത്ത് ജോലി വാഗ്ദാനം ചെയ്താണ് അനീഷ് തട്ടിപ്പ് നടത്തി വന്നിരുന്നത്. നിരവധി പേരെ അനീഷ് സമാനരീതിയിൽ ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഈ കേസുകൾ അന്വേഷണത്തിലാണ്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |