തിരുവനന്തപുരം : വൻമയക്കുമാരുന്ന് റാക്കറ്റിലെ കണ്ണിയായ നൈജീരിയൻ സ്വദേശിയെ ബംഗളുരുവിൽ നിന്ന് പൊലീസ് പിടികൂടി. ഡുമോ ലയണൽ (38) എന്നയാളെയാണ് വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ് ദിവസം ബംഗളുരുവിൽ നിന്ന് ട്രെയിൻ മാർഗം കടത്തുകയായിരുന്ന 108 ഗ്രാം എം.ഡി.എം.എയുമായി ശ്രീകാന്ത് എന്ന യുവാവിനെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഡുമോയെ കുറിച്ച് വിവരം ലഭിച്ചത്.
ഇലക്ട്രോണിക് വസ്തുക്കൾക്കുള്ളിൽ ഒളിപ്പിച്ചാണ് എം.ഡി.എം.എ കടത്തുന്നത്. വിതരണക്കാർ പിടിയിലായതിനെ തുടർന്ന് ഒളിവിലായ ഡുമോയെ വഞ്ചിയൂർ പൊലീസിന്റെ ഒരു സംഘം ബംഗളൂരിൽ താമസിച്ച് നിരീക്ഷിക്കുകയും ശേഷം ഒളിത്താവളമായ ബാബറപ്പ ലേഔട്ട് എന്ന സ്ഥലത്തുനിന്ന് ഡുമോ ലയണലിനെ പിടികൂടുകയായിരുന്നു ഏറെ നാളായി ലഹരി ഇടപാടു നടത്തുന്ന ഇയാൾ ആദ്യമായാണ് പൊലീസ് പിടിയിലാകുന്നത്. വിദേശത്ത് നിന്ന് പല വിമാനത്താവളങ്ങൾ വഴി രാജ്യത്തേയ്ക്ക് സിന്തറ്റിക്ക് ലഹരി കടത്തുകയും ചെയ്തിട്ടുണ്ട്. കൂടുതൽ കേസുകളിൽ പങ്കുണ്ടോന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌ത ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങും.
ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണർ അനുരൂപിന്റെ നിർദ്ദേശത്തിൽ,വഞ്ചിയൂർ എസ്.എച്ച്.ഒ ഷാനിഫ് എച്ച്.എസ്,ഡാൻസാഫ് എസ്.ഐ അജേഷ് കുമാർ,ജി.എസ്.ഐ സാബു,എസ്.സി.പി.ഒമാരായ ഷാജി,നസിമുദ്ദീൻ,രഞ്ജിത്ത്,സി.പി.ഒമാരായ ഷിബി.ടി.നായർ, വരുൺഘോഷ് എന്നിവർ അടങ്ങിയ എട്ട അംഗ സംഘമാണ് ബാംഗ്ലൂരിലെത്തി പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |