പീരുമേട്: കാലപഴക്കത്താൽ പൊട്ടിപൊളിഞ്ഞതും ദ്രവിച്ച് ചോർന്നൊലിക്കുന്നതുമായ കെട്ടിടത്തിലാണ് നാടിന്റെ കാവൽക്കാർ താമസിക്കുന്നത്. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഈ ദുസ്ഥിതി നേരിടുന്നത്. 50 വർഷത്തിലധികം പഴക്കമുണ്ട് ഇവിടത്തെ ക്വാർട്ടേഴ്സുകൾക്ക്. അന്നത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ച് നിർമ്മിച്ച കെട്ടിടം ഇന്ന് വളരെ ജീർണ്ണാവസ്ഥയിലാണ്. ഇതാണ് വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ താമസിക്കുന്ന ക്വാർട്ടേഴ്സുകളുടെ ഇന്നത്തെ അവസ്ഥ. 50 വർഷത്തിലധികം പഴക്കമുള്ള ക്വാർട്ടേഴ്സുകളാണിത്. എസ്റ്റേറ്റ് തൊഴിലാളികൾ അവശ്യ സാധനങ്ങൾ വിൽപ്പന നടത്തിയിരുന്ന സ്‌പെൻസർ എന്ന കെട്ടിടത്തിലായിരുന്നു വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ട്രാവൻകൂർ തേയിലക്കമ്പനിയുടെകൈവശമായിരുന്നു വണ്ടിപ്പെരിയാറ്റിലെ വസ്തുക്കൾ അധികവും. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷൻ ആരംഭിച്ചപ്പാൾ പൊലീസ് സ്റ്റേഷനും ക്വാർട്ടേഴ്സുകളും നിർമ്മിക്കുന്നതിനായി കമ്പനി സ്ഥലം വിട്ടു നൽകിയത്. അവിടെയാണ് പൊലീസ് സ്റ്റേഷനും അതിനോട് ചേർന്നുള്ള ക്വാർട്ടേഴ്സുകളും നിർമ്മിച്ചത്. അന്ന് നാട്ടിൽ സുലഭമായി ലഭിച്ചിരുന്ന കരിങ്കല്ലിലും തടിയിലുമാണ് ക്വാർട്ടേഴ്സുകൾ നിർമ്മിച്ചത്. കാലാകാലങ്ങളിൽ ചെയ്യേണ്ട അറ്റകുറ്റപ്പണികൾ ചെയ്യാത്തതു കൊണ്ട് ക്വാർട്ടേഴ്സ് കെട്ടിടം പൊട്ടിപൊളിഞ്ഞ് ഉപയോഗ ശൂന്യമായി മാറി. സമൂഹത്തിലാകെയുണ്ടായ മാറ്റം ഇവിടെ ഇപ്പോഴും ഉണ്ടായിട്ടില്ല. പല കെട്ടിടങ്ങളിലും മഴവെള്ളം വീഴാതിരിക്കാൻ കെട്ടിടങ്ങൾക്ക് മുകളിൽ ടാർപോളിൻ വലിച്ച് കെട്ടിയാണ് താമസിക്കുന്നത്. ക്വാർട്ടേഴ്സുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് പല മേഖലയിൽ നിന്ന് ആവശ്യമുയർന്നിരുന്നു. പീരുമേട് താലൂക്ക് സഭയിൽ ഇന്ത്യൻ നാഷണൽ ഓർഗനൈസേഷൻ ജില്ലാ വൈസ് പ്രസിഡന്റ് പി.എ. അബ്ദുൽ റഷീദ് ഈ ആവശ്യമുന്നയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |