വാഷിംഗ്ടൺ: യുക്രെയിൻ വിഷയത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ അനുകൂല നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെ,യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയ്ക്ക് പിന്നിൽ അണിനിരന്ന് യൂറോപ്യൻ നേതാക്കൾ. ഇന്ന് വൈറ്റ് ഹൗസിൽ ട്രംപിനെ കാണാനെത്തുന്ന സെലെൻസ്കിയ്ക്കൊപ്പം ജർമ്മനി,ഫ്രാൻസ്,ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമുണ്ടാകും. യുദ്ധം അവസാനിപ്പിക്കാൻ വെടിനിറുത്തലല്ല,സമാധാന കരാറാണ് വേണ്ടതെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ആവശ്യത്തെ ശനിയാഴ്ച അലാസ്‌കയിൽ നടന്ന ചർച്ചയിൽ ട്രംപ് അംഗീകരിച്ചിരുന്നു.
ചർച്ചയ്ക്ക് തൊട്ടുമുമ്പ് വരെ വെടിനിറുത്തൽ വേണമെന്ന് പറഞ്ഞിരുന്ന ട്രംപിന്റെ നിലപാട് മാറ്റം യുക്രെയിനെ ആശങ്കയിലാഴ്ത്തിയതോടെയാണ് യൂറോപ്യൻ നേതാക്കളുടെ നീക്കം. സമാധാന കരാറിൽ എത്തും മുമ്പ് വെടിനിറുത്തൽ നടപ്പാക്കണമെന്നാണ് യുക്രെയിന്റെയും യൂറോപ്യൻ നേതാക്കളുടെയും ആവശ്യം. യുദ്ധം അവസാനിപ്പിക്കാൻ കിഴക്കൻ യുക്രെയിനിലെ ഡോൺബാസ് പൂർണമായും വേണമെന്ന പുട്ടിന്റെ ഡിമാൻഡ് ട്രംപ് സെലെൻസ്കിയെ അറിയിക്കുകയും അദ്ദേഹം നിരസിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്.
ക്രൈമിയയെ (2014ൽ യുക്രെയിനിൽ നിന്ന് പിടിച്ചെടുത്തത്) റഷ്യൻ ഭാഗമായി ഔദ്യോഗികമായി അംഗീകരിക്കണം,ഉപരോധങ്ങൾ നീക്കണം,റഷ്യൻ ഭാഷയ്ക്ക് യുക്രെയിനിൽ ഔദ്യോഗിക പദവി നൽകണം,യുക്രെയിനെ നാറ്റോ അംഗമാക്കരുത് തുടങ്ങിയ നിബന്ധനകളും പുട്ടിൻ ട്രംപിന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്.
22നകം പുട്ടിനെയും സെലെൻസ്കിയേയും പങ്കെടുപ്പിച്ചുള്ള ത്രികക്ഷി ചർച്ച ട്രംപ് ലക്ഷ്യമിടുന്നുണ്ട്. സെലെൻസ്കിയെ കണ്ട ശേഷം റഷ്യയുമായി ആലോചിച്ച് തീരുമാനം ട്രംപ് അറിയിക്കും. അതേസമയം,തിരശ്ശീലയ്ക്ക് പിന്നിലെ ഗൂഢാലോചനകൾ ഒഴിവാക്കണമെന്നും ചർച്ചകളിലെ പുരോഗതിക്ക് തുരങ്കം വയ്ക്കരുതെന്നും പുട്ടിൻ യൂറോപ്പിന് മുന്നറിയിപ്പ് നൽകി.
സെലെൻസ്കിയ്ക്കൊപ്പം
ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ
ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി
ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബ്
യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ
നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ
സുരക്ഷാ ഗ്യാരന്റി
1. പുട്ടിന്റെ ഡിമാൻഡുകളിൽ പലതും യുക്രെയിന് അംഗീകരിക്കാൻ ബുദ്ധിമുട്ട്. വിട്ടുവീഴ്ചയ്ക്ക് റഷ്യക്ക് മേൽ സമ്മർദ്ദം ചെലുത്തണമെന്ന് യൂറോപ്യൻ നേതാക്കൾ
2. യുദ്ധ പരിഹാരത്തിനുള്ള ഏതൊരു ചർച്ചയിലും യുക്രെയിനെ ഉൾപ്പെടുത്തണം. പുട്ടിൻ-സെലെൻസ്കി-ട്രംപ് ത്രികക്ഷി ചർച്ച ഉടൻ നടത്തണം
3. യുക്രെയിനെതിരെയുള്ള ഭാവി ആക്രമണങ്ങളെ ചെറുക്കാൻ യു.എസ് പങ്കാളിത്തത്തിലെ സുരക്ഷാ ഗ്യാരന്റികൾ കരാറിൽ ഉറപ്പാക്കണം
വാക്കുതർക്കം ആവർത്തിക്കരുത്
ഫെബ്രുവരിയിൽ നടന്ന ചർച്ചയ്ക്കിടെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ പേരിൽ ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സെലെൻസ്കിയുമായി വാക്കുതർക്കമുണ്ടായതും സെലെൻസ്കി അപമാനിതനായി വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയതും ചർച്ചയായിരുന്നു. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ കൂടിയാണ് യൂറോപ്യൻ നേതാക്കൾ സെലെൻസ്കിയെ അനുഗമിക്കുന്നത്.
വെടിനിറുത്തൽ ആഹ്വാനങ്ങൾ റഷ്യ നിരസിക്കുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ അവർ സങ്കീർണമാക്കുന്നു.
- വൊളൊഡിമിർ സെലെൻസ്കി,
പ്രസിഡന്റ്,
യുക്രെയിൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |