ഭോപ്പാൽ: ഗുരുതരമായി പരിക്കേറ്റ ചെറുമകനുവേണ്ടി 72കാരി അരമണിക്കൂറോളം ഡ്രിപ്പ് ബോട്ടിൽ പിടിച്ചു നിന്നു. മദ്ധ്യപ്രദേശിലെ സത്‌നയിലുള്ള സർദാർ വല്ലഭായ് പട്ടേൽ ജില്ലാ ആശുപത്രിയിലാണ് സംഭവം. ജീവനക്കാർ ഡ്രിപ്പ് സ്റ്റാൻഡ് നൽകാത്തതിനെ തുടർന്നാണ് ചെറുമകനുവേണ്ടി 30 മിനിറ്റോളം വയോധിക ഡ്രിപ്പ് ബോട്ടിൽ പിടിച്ചു നിന്നത്. 35കാരൻ അശ്വനി മിശ്ര ഗുരുതരാവസ്ഥയിലായിരുന്നിട്ടും ജീവനക്കാർ ഡ്രിപ്പ് സ്റ്റാൻഡ് ലഭ്യമാക്കിയിട്ടില്ല. എല്ലാവരും കാഴ്ചക്കാരായി നോക്കി നിൽക്കുകയാണുണ്ടായത്.
അതേസമയം ആശുപത്രിയിൽ ഡ്രിപ്പ് സ്റ്റാൻഡുകൾക്ക് ഒരു കുറവുമില്ലെന്നാണ് സംഭവം കണ്ടു നിന്ന കൂട്ടിരിപ്പുകാരും രോഗികളും വ്യക്തമാക്കിയത്. ജീവനക്കാരുടെ അനാസ്ഥയാണ് ഇത്തരം ബുദ്ധിമുട്ടുകൾക്ക് കാരണമെന്ന് പലരും കുറ്റപ്പെടുത്തി. ഡ്രിപ്പ് സ്റ്റാൻഡില്ലാതെ ഏറെ നേരം കഷ്ടപ്പെടുന്ന വൃദ്ധയെ കണ്ട് പലരും സഹപാതത്തോടെ നോക്കി നിന്നു. ചിലർ ഡ്രിപ്പ് സ്റ്റാൻഡുകൾ നൽകാൻ ജീവനക്കാരോട് ആവശ്യപ്പെട്ടെങ്കിലും അവർ തിരിഞ്ഞ് പോലും നോക്കിയില്ലെന്നാണ് വിമർശനം.
യുവാവിനെ കൊണ്ടുവന്ന ആംബുലൻസിന്റെ അവസ്ഥയും വളരെ പരിതാപകരമായിരുന്നു. വാഹനം തകരാറിലായതിനെ തുടർന്ന് ആശുപത്രി ഗേറ്റിൽ യുവാവിനെ ഇറക്കിവിടുകയായിരുന്നു. ശേഷം വാഹനം വീണ്ടും സ്റ്റാർട്ട് ചെയ്യാൻ സമീപത്തുള്ളവർ തള്ളിമാറ്റേണ്ടിവന്നു. ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സൂചിപ്പിക്കുന്ന ഒട്ടേറെ സംഭവങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണിത്. ദിവസേന നൂറുകണക്കിന് രോഗികളെ കൈകാര്യം ചെയ്യുന്ന ആശുപത്രിയിലാണ് ഇത്തരം അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലം രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടുകൾ നേരിടുന്നത്.
ആശുപത്രിയിലെ ഒരു സിവിൽ സർജൻ സംഭവത്തെ വളരെയധികം നിസ്സാരവൽക്കരിച്ചാണ് പ്രതികരിച്ചത്. സ്റ്റാൻഡുകൾക്ക് ഒരു കുറവുമില്ലെന്നും രോഗിയെ ആംബുലൻസിൽ കൊണ്ടുവന്ന് മിനിട്ടുകൾക്കുള്ളിൽ ചികിത്സ നൽകിയെന്നുമാണ് സർജന്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |