കൊച്ചി: ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന സഭാസമൂഹങ്ങളും വ്യക്തികളും തനിച്ചല്ലെന്നും അവർക്കൊപ്പം എക്കാലത്തും സഭ ഉണ്ടാകുമെന്നും സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സിറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയുടെ മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധികൾ വർദ്ധിക്കുകയാണെങ്കിലും സുവിശേഷ ദൗത്യത്തിൽനിന്ന് പിന്നോട്ടുപോകാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഛത്തീസ്ഘട്ടിൽ സന്യാസിനിമാർ നേരിട്ടത് നീതിനിഷേധമാണ്. ക്രൈസ്തവർക്ക് നേരെ രാജ്യത്തുടനീളം വർദ്ധിച്ചുവരുന്ന വർഗീയ ശക്തികളുടെ ആക്രമണങ്ങൾ അപലപനീയമാണ്. സഭയുടെ അജപാലനശൈലിയിലും ക്രമീകരണങ്ങളിലും കാലോചിതമായി സ്വീകരിക്കേണ്ട മാറ്റങ്ങളെയും പരിഷ്‌കരണങ്ങളെയും കുറിച്ച് ആഴത്തിൽ ചിന്തിക്കേണ്ട ദിവസങ്ങളാണിതെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
മാനന്തവാടി രൂപതാ സഹായമെത്രാൻ അലക്‌സ് താരാമംഗലത്തിന്റെ ധ്യാനചിന്തകളോടെ സിനഡ് സമ്മേളനം ആരംഭിച്ചു. മേജർ ആർച്ച് ബിഷപ്പിന്റെ മുഖ്യ കാർമികത്വത്തിൽ സിനഡ് മെത്രാൻമാർ കുർബാന അർപ്പിച്ചു. ഇന്ത്യയിലും വിദേശത്തും സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽ നിന്ന് വിരമിച്ചവരുമായ 52 മെത്രാൻമാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 29ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |