കാഞ്ഞിരപ്പുഴ: ജലസേചന വകുപ്പ് നടപ്പിലാക്കുന്ന 'ഡാം ടൂറിസം പദ്ധതി' സംസ്ഥാനതല ഉദ്ഘാടനവും കാഞ്ഞിരപ്പുഴയിൽ നടപ്പിലാക്കുന്ന 167 കോടിയുടെ ടൂറിസം പദ്ധതി നിർമാണോദ്ഘാടനവും അടുത്തമാസം ഒന്നിന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ഇതോടെ സംസ്ഥാനത്തെ മികച്ച വിനോദ സഞ്ചാര കേന്ദ്രമായി കാഞ്ഞിരപ്പുഴ ഡാം മാറുമെന്നാണ് പ്രതീക്ഷ.
കാഞ്ഞിരപ്പുഴ അണക്കെട്ടും ഉദ്യാനവും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളും ഉൾപ്പെടുത്തിയാണ് 167 കോടി രൂപയുടെ ടൂറിസം വികസന പ്രവൃത്തികൾ നടപ്പാക്കുന്നത്. കോഴിക്കോട് എഫ്.എസ്.ഐ.ടി റെഡിഫൈൻ ഡെസ്റ്റിനേഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണു കരാറുകാർ. 30 വർഷത്തേക്ക് ടൂറിസം പ്രവൃത്തിനടത്താനാണ് സർക്കാർ അനുമതി നൽകിയത്.
ജലസേചന വകുപ്പിന്റെ ഡാമുകളിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന ഭൂമി, ടൂറിസം മേഖലകളായി ഉപയോഗിക്കുന്നതിനായി സർക്കാർ ഇറിഗേഷൻ ടൂറിസം പോളിസി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജലസേചന വകുപ്പിന്റെ നോഡൽ ഏജൻസിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്‌മെന്റ് കോർപറേഷൻ (കിഡ്ക്) കാഞ്ഞിരപ്പുഴയിൽ ടൂറിസം വികസിപ്പിക്കുന്നതിനു സ്വകാര്യ സംരംഭകരിൽ നിന്നു താൽപര്യപത്രം ക്ഷണിക്കുകയും കോഴിക്കോട് നിന്നുള്ള കമ്പനിയെ തിരഞ്ഞെടുക്കുകയും ചെയ്തു.
കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിക്കു കീഴിലുള്ള ഉദ്യാനവും ഉദ്യാനത്തിന് ഇരുവശത്തും വകുപ്പിന്റെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളും അടക്കം 50 ഏക്കർ വരുന്ന സ്ഥലത്താണു ടൂറിസം പദ്ധതി വരുന്നത്. വാട്ടർതീം പാർക്ക്, സ്‌നോ വേൾഡ്, പക്ഷികളുടെ പാർക്ക്, മറൈൻ ഓഷ്യനോറിയം, ജയന്റ് വീൽ, ബോട്ടിംഗ്, 3ഡി തിയറ്റർ, റോപ് വേ, ഗ്ലാസ് ഹാംഗിംഗ് ബ്രിഡ്ജ്, മ്യൂസിക്കൽ ഫൗണ്ടൻ, ലേസർ ഷോ, റിസോർട്ട്, വിവിധ തരം അക്വേറിയം തുടങ്ങി വൻ പ്രോജക്ടാണു വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |