പാലക്കാട്: മനുഷ്യവന്യമൃഗ സംഘട്ടനം രൂക്ഷമായ, സംസ്ഥാനത്തെ 12 വനമേഖലകളിൽ സുരക്ഷയൊരുക്കാൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ ജാലക ലാറ്റിസ് വാച്ച് ടവർ സ്ഥാപിക്കുന്നു. ഭാരംകുറഞ്ഞ ഇരുമ്പ് തകിടുകളും കമ്പികളും ഉപയോഗിച്ച് നിർമ്മിക്കുന്ന ടവറുകളിൽ ജീവനക്കാർക്ക് രാത്രി തങ്ങാനുള്ള സൗകര്യങ്ങളും ഉൾപ്പെടെയുണ്ടാകും.
കരാർ നൽകി 270 ദിവസങ്ങൾക്കുള്ളിൽ പണി പൂർത്തിക്കും. ഇതിനാവശ്യമായ ഉപകരണങ്ങളും നിർമ്മാണസഹായവും ലഭ്യമാക്കാൻ കഴിയുന്ന സാങ്കേതിക സ്ഥാപനങ്ങളിൽ നിന്ന് വനംവകുപ്പ് ദർഘാസ് ക്ഷണിച്ചു.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വനം ഡിവിഷന് പുറമേ പത്തനംതിട്ടയിലെ റാന്നി, കോന്നി ഡിവിഷനുകളിലും കോട്ടയം ഡിവിഷനിലും ടവർ സ്ഥാപിക്കും. കൊല്ലം ജില്ലയിലെ തെന്മല, തൃശ്ശൂർ ജില്ലയിലെ ചാലക്കുടി എന്നീ ഡിവിഷനുകളെയും ഒന്നാംഘട്ട പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ വയനാട്, മലപ്പുറം ജില്ലകളിലെ ആറിടങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. നോർത്ത് വയനാട്, സൗത്ത് വയനാട് ഡിവിഷനുകളിൽ രണ്ടുവീതം ടവറുകൾ സ്ഥാപിക്കും. നിലമ്പൂർ നോർത്ത്, സൗത്ത് ഡിവിഷനുകളിലെ വനമേഖലകൾക്കായി ഓരോ ടവറുകളുമാണ് നിർമ്മിക്കുക. ഓരോ വനമേഖലകളിലും ശാസ്ത്രീയപഠനം നടത്തിയാവും ടവറുകളുടെ സ്ഥാനംനിർണയിക്കുകയെന്നു വനംവകുപ്പ് സാങ്കേതികവിഭാഗം അധികൃതർ പറഞ്ഞു.
സ്ഥിരമായി കാടിറങ്ങുന്ന അപകടകാരികളായ മൃഗങ്ങളെ മയക്കുവെടിവെച്ചു പിടികൂടിയശേഷം ഘടിപ്പിക്കുന്ന റേഡിയോ കോളർ സിഗ്നലുകളുടെ നിരീക്ഷണം, എ.ഐ കാമറകളിൽ നിന്നുള്ള സിഗ്നലുകളുടെ നിരീക്ഷണം തുടങ്ങിയ സംവിധാനങ്ങളും ടവറുകളിൽ ഒരുക്കുന്നതും പരിഗണനയിലുണ്ട്. ആന, കടുവ എന്നിവയ്ക്കു ഘടിപ്പിക്കുന്ന 10വീതം റേഡിയോ കോളറുകളും വനംവകുപ്പ് ഉടൻ വാങ്ങും. ഇതോടൊപ്പം 1,000 കാമറ ട്രാപ്പുകൾ, 267 എ.ഐ അധിഷ്ഠിത കാമറ അലർട്ട് സംവിധാനം എന്നിവയും ഒരുക്കും.
നിരീക്ഷണനടപടികളുടെ കാര്യക്ഷമത ഉയർത്തുന്നതിനായി രാത്രികാഴ്ച സുഗമമാക്കുന്ന 25 തെർമൽ ഇമേജിംഗ് കാമറകളും ജീവനക്കാർക്കായി വാങ്ങും. തെർമൽ ഇമേജിംഗ് കാമറ സംവിധാനമുള്ള 53 ഡ്രോണുകളുടെ സേവനവും വനാതിർത്തികളിൽ ലഭ്യമാക്കും. കിഫ്ബിയിൽനിന്നുള്ള തുക വിനിയോഗിച്ചാണ് നിർമാണം പൂർത്തിയാക്കുകയെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |