പി.എം കിസാൻ പദ്ധതിയിലടക്കം അംഗത്വം ലഭിക്കില്ല
കണ്ണൂർ : കേന്ദ്ര കർഷക മന്ത്രാലയത്തിന്റെ കർഷക രജിസ്‌ട്രേഷൻ പദ്ധതിയായ അഗ്രി സ്റ്റാക്ക് ആപ്ലിക്കേഷനിൽ നിന്ന് ആറളം ആദിവാസി പുനരധിവാസ മേഖലയിലെ രണ്ടായിരത്തോളം കർഷകർ പുറത്താകാൻ സാദ്ധ്യത. അഗ്രി സ്റ്റാക്ക് ആപ്ലിക്കേഷൻ രജിസ്‌ട്രേഷന് നികുതി ചീട്ട് നിർബന്ധമാക്കിയതാണ് മേഖലയിലെ ഇത്രയും കർഷകർക്ക് പുറത്തേക്കുള്ള വഴി തുറന്നത്.
കർഷക രജിസ്‌ട്രേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ ഇവർക്ക് പി.എം കിസാൻ പദ്ധതിയിൽ തുടരാൻ സാധിക്കില്ല. ഇങ്ങനെ വന്നാൽ കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ആറളം ആദിവാസി പുനരധിവാസ മേഖലയിലെ രണ്ടായിരത്തോളം കർഷകർക്ക് നിലവിൽ ലഭിക്കുന്നതടക്കമുള്ള കാർഷിക ആനുകൂല്യങ്ങൾ നഷ്ടമാകും .
പുനരധിവാസ മേഖലയിൽ 3375 കുടുംബങ്ങൾക്കാണ് ഒരു ഏക്കർ വീതം ഭൂമിയാണ് സർക്കാർ നൽകിയത്.ഭൂമിയുടെ പട്ടയം കൈയിലുണ്ടെങ്കിലും നികുതി അടക്കുവാനോ ഭൂമി കൈമാറ്റം ചെയ്യാനോ ഇവർക്ക് അവകാശമില്ല. ഭൂ നികുതി ഒടുക്കാൻ കഴിയുമായിരുന്നെങ്കിൽ കാർഷിക മേഖലയിലെ എല്ലാ ആനുകൂല്യങ്ങളും മേഖലയിലെ കർഷകർക്കും ലഭിക്കുമായിരുന്നു. ഈ കുടുംബങ്ങളിൽ ഏറിയ പങ്കും കാർഷികവൃത്തിയിൽ ഏർപ്പെടുന്നവരാണ്.അഗ്രി സ്റ്റാക്ക് ആപ്ലിക്കേഷനിൽ പട്ടയമോ ആധാരമോ എന്നു കൂടിയുള്ള ഓപ്ഷൻ ഉണ്ടായാൽ നിരവധി കർഷകർക്ക് ഭാവിയിൽ നിഷേധിക്കപ്പെടുന്ന ആനുകൂല്യങ്ങൾ ഉറപ്പിക്കാൻ സാധിക്കും. ആറളം പുനരധിവാസ മേഖലയിൽ മാത്രമാണ് ഈ പ്രതിസന്ധി.
ഐ.ടി വിഭാഗം ഇടപെടണം; അപേക്ഷയിൽ തിരുത്ത് വേണം
പ്രശ്നം പരിഹരിക്കാൻ ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുള്ള ഐ.ടി വിഭാഗം ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.ആപ്ലിക്കേഷനിൽ ആവശ്യമായ തിരുത്തൽ നടത്തിയാൽ മാത്രമെ ഇതിന് പരിഹാരമുണ്ടാകുകയുള്ളു. ആറളം കൃഷിഭവൻ അധികൃതർ ബന്ധപ്പെട്ടവരോട് ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കർഷക രജിസ്‌ട്രേഷൻ സമയപരിധി അവസാനിക്കുന്നതിനു മുമ്പേ ഐ.ടി വിഭാഗം ആപ്ലിക്കേഷൻ തിരുത്തൽ വരുത്തി പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് പുനരധിവാസ മേഖലയിലെ കർഷകരും കൃഷിഭവൻ അധികൃതരും .
അഗ്രി സ്റ്റാക്ക്
കർഷകരുടെ വിവരങ്ങളും കൃഷിയുമായി ബന്ധപ്പെട്ട സേവനങ്ങളും ഏകീകരിക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് അഗ്രി സ്റ്റാക്ക്. കർഷകർക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് അഗ്രി സ്റ്റാക്ക് രജിസ്‌ട്രേഷൻ നിർബന്ധമാണ്.പ്രധാൻമന്ത്രി ഫസൽ ബീമാ യോജന, അഗ്രിക്കൾച്ചർ ഇൻഷുറൻസ്, പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന തുടങ്ങി കൃഷിസംബന്ധമായ കേന്ദ്രസംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾക്കും സേവനങ്ങൾക്കുമെല്ലാം അഗ്രി സ്റ്റാക്ക് രജിസ്‌ട്രേഷൻ ആവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |