ആലപ്പുഴ : ജില്ലയിൽ നഗരസഭകളിലെ ഹരിത കർമ്മസേന നടത്തിയ ഇ - മാലിന്യ ശേഖരണത്തിന്റെ ആദ്യഘട്ടത്തിൽ ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത് 17.7 ടൺ. ആകെയുള്ള ആറു നഗരസഭകളിൽ ആലപ്പുഴ, ചേർത്തല, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ഇ - മാലിന്യ ശേഖരണം പൂർത്തിയായി. ചെങ്ങന്നൂർ നഗരസഭയിൽ 20നേ ശേഖരണം പൂർത്തിയാവുകയുള്ളൂ. ഇതുകഴിഞ്ഞാൽ നഗരസഭാതലത്തിലെ ആദ്യഘട്ടശേഖരണം ജില്ലയിൽ പൂർത്തിയാകും. ജൂലായ് അവസാനത്തോടെയാണ് ശേഖരണം തുടങ്ങിയത്. അഞ്ച് നഗരസഭകളിൽ നിന്നായി 345.15 കിലോ ആപത്കരമായ ഇ മാലിന്യങ്ങളും ശേഖരിച്ചിട്ടുണ്ട്. പിക്‌ചർ ട്യൂബ്, എൽ.ഇ.ഡി ബൾബുകൾ, ട്യൂബ് ലൈറ്റുകൾ, സി.എഫ്.എൽ തുടങ്ങിയവയാണ് ആപത്‌കരമായ ഇ മാലിന്യങ്ങളുടെ പട്ടികയിലുള്ളത്. ഇവ സംസ്കരിക്കുന്നതിന് ചെലവാകുന്ന തുക നഗരസഭകൾ ക്ളീൻ കേരള കമ്പനിക്ക് നൽകണം. 43 തരം ഇ-മാലിന്യമാണ് ശേഖരിച്ചത്. അല്ലാത്തവ പലവക വിഭാഗത്തിലും ശേഖരിച്ചു. ഓരോന്നിനും കിലോയ്ക്ക് നിശ്ചിത തുക വിലയായി നൽകി.
കൂടുതലും ടിവിയും കമ്പ്യൂട്ടറും
ടെലിവിഷൻ, തേപ്പുപെട്ടി, ഇൻഡക്ഷൻ കുക്കർ, കമ്പ്യൂട്ടർ മോണിറ്റർ, സി.പി.യു തുടങ്ങിയവയാണ് ശേഖരിച്ചവയിൽ ഏറെയും.
നിലവിൽ ശേഖരിച്ചിരിക്കുന്ന മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിയുടെ ചേർത്തലയിലെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുകയാണ്
ശേഖരണത്തിന് ഹരിതകർമസേനയ്ക്ക് നൽകുന്ന തുക സംബന്ധിച്ചുള്ള ഫയലുകൾ ക്ലീൻ കേരള കമ്പനിയുടെ ആസ്ഥാനത്തേക്ക് കൈമാറും
അവിടെനിന്ന് അതത് നഗരസഭകളിലേക്ക് ഫണ്ട് നൽകും. നഗരസഭ ഇത് ഹരിതകർമസേനയ്ക്ക് കൈമാറും.
നഗരസഭകളും ശേഖരിച്ച മാലിന്യവും (കിലോ കണക്കിൽ)
ആലപ്പുഴ..............2742.8
ചേർത്തല............2391.7
ഹരിപ്പാട്...............1335
മാവേലിക്കര........5853.85
കായംകുളം.........3794.88
ശേഖരിക്കുന്ന ഇ മാലിന്യം
43 ഇനങ്ങൾ
ഒരു കിലോയ്ക്ക് വില (രൂപയിൽ)
റഫ്രിജിറേറ്റർ : 16
ലാപ്‌ടോപ്പ് : 104
എൽ.സി.ഡി, എ.ഇ.ഡി ടിവി : 16
ടോപ് ലോഡ് വാഷിംഗ് മെഷീൻ :16
ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ : 9
സീലിംഗ് ഫാൻ :41
മൊബൈൽ ഫോൺ :115
സ്വിച്ച് ബോർഡ് : 17
എയർ കണ്ടീഷണർ : 58
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |