മാന്നാർ : ശരീരം തളർന്നിട്ടും തളരാത്ത മനസുമായി മുന്നോട്ടു പോകുന്ന ദൃശ്യപ്രസാദിന് ചിത്രകല പഠിക്കാൻ അവരമൊരുക്കി മന്ത്രി സജി ചെറിയാൻ. കുളഞ്ഞിക്കാരാഴ്മ ശിവശൈലത്തിൽ പരേതനായ പ്രസാദിന്റെയും സുജാതയുടെയും മകളാണ് ഈ 25 കാരി.
കൂട്ടുകാരോടൊപ്പം ഓടിച്ചാടി നടന്നിരുന്ന ദൃശ്യ പ്രസാദ് ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശരീരം തളർന്ന് നടക്കാൻ കഴിയാത്ത അവസ്ഥയിലായത്. പിന്നീടങ്ങോട്ട് വീട്ടിലിരുന്ന് പഠനം നടത്തിയ ദൃശ്യ ബി.കോം ബിരുദം നേടിയെടുത്തു. പിതാവിന്റെ മരണത്തോടെ അമ്മയും അവിവാഹിതയായ കുഞ്ഞമ്മ ജാനമ്മയും മാത്രമായിരുന്നു ദൃശ്യക്ക് സഹായത്തിനൊപ്പമുണ്ടായിരുന്നത്.
കിട്ടുന്ന സമയങ്ങളിലൊക്കെ ചിത്രം വരച്ചിരുന്ന ദൃശ്യ മന്ത്രി സജി ചെറിയാന്റെ ചിത്രം വരച്ച് വാട്സാപ്പിൽ അയച്ച് കൊടുത്തതാണ് ചിത്രകലാ പഠനത്തിന് വഴി തെളിച്ചത്. കുളഞ്ഞിക്കാരാഴ്മ 3711-ാം നമ്പർ എസ്.എൻ.ഡി.പി യോഗം ശാഖയിൽ പണികഴിപ്പിച്ച പ്രാർത്ഥനാഹാളിന്റെ സമർപ്പണം നിർവഹിക്കാനെത്തിയപ്പോൾ, മന്ത്രിയെ കാണണമെന്ന ദൃശ്യയുടെ ആഗ്രഹം ശാഖ ഭാരവാഹികൾ സജി ചെറിയാനെ അറിയിച്ചു. ഇതോടെ മന്ത്രി ദൃശ്യയുടെ വീട്ടിലെത്തി. എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ, കൺവീനർ അനിൽ പി.ശ്രീരംഗം, അഡ്.കമ്മിറ്റിയംഗം രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, ശാഖാ ഭാരവാഹികൾ എന്നിവരോടൊപ്പം വീട്ടിലെത്തിയ സജി ചെറിയാൻ ശാഖയുടെ ആദരവായി മെമന്റോയും പൊന്നാടയും ദൃശ്യക്ക് കൈമാറി.
തുടർന്ന് താൻവരച്ച മന്ത്രിയുടെ ചിത്രം ദൃശ്യ നേരിട്ട് സമ്മാനിച്ചു. 'മോൾ വലിയൊരു ചിത്രകാരിയാകണം' എന്ന് പറഞ്ഞ സജി ചെറിയാൻ അതിനു വേണ്ട സഹായം നൽകാമെന്ന ഉറപ്പ് നൽകിയാണ് അവിടെ നിന്നും മടങ്ങിയത്. വൈകിട്ട് തന്നെ മന്ത്രിയുടെ നിർദ്ദേശ പ്രകാരം ആറൻമുള വാസ്തുവിദ്യാ ഗുരുകുലത്തിൽ നിന്നും ബന്ധപ്പെടുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തെന്ന് ദൃശ്യ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |