തൃശൂർ: തെരുവുനായ്ക്കൾ ഭീഷണിയാണെന്ന് ആവർത്തിക്കുന്ന ഭരണകൂടത്തിന് മുന്നിലേക്ക് ബി.ടെക് ബിരുദധാരിയായ ആര്യഭരതൻ ഒരു പരിഹാരം ചൂണ്ടിക്കാട്ടുന്നു; തന്റെ ജീവിതം!. തൃപ്രയാറിലെ ഏങ്ങൂർ വീട്ടിലെത്തിയാൽ അവിടെ തെരുവുനായ്ക്കളെയും തെരുവിൽ അലഞ്ഞിരുന്ന കാളകളെയും പശുക്കളെയുമെല്ലാം കാണാം. ആര്യ അവർക്ക് ചികിത്സയും ഭക്ഷണവും അഭയവുമെല്ലാം നൽകുന്നു. ഭക്ഷണവും അഭയവും നൽകി വന്ധ്യംകരണം നടത്തിയാൽ തെരുവുനായ്ക്കൾ ആരെയും ഉപദ്രവിക്കില്ലെന്ന് ഈ ജീവിതം സാക്ഷ്യം. ഹൈദരാബാദ് നൽസാർ യൂണിവേഴ്‌സിറ്റി ഒഫ് ലോയിൽ മൃഗനിയമങ്ങളിൽ പരിശീലനം നേടി വലപ്പാട് അനിമൽ ഹെൽത്ത് സെന്റർ തുടങ്ങിയത് ഇതിനെല്ലാമായാണ്. അതിനുള്ള പണം സ്വന്തമായി ചെലവഴിക്കുന്നു.
സഹജീവികളെ ചേർത്തുപിടിച്ച്...
പീപ്പീൾസ് ഫോർ ആനിമൽസ് തൃശൂർ ചാപ്റ്റർ ഹെഡാണ് ആര്യ ഭരതൻ. പത്ത് വർഷമായി സംഘടനയ്ക്ക് നേതൃത്വം നൽകുന്നു. കോളേജ് പഠനകാലത്ത്, വാഹനമിടിച്ച് പരിക്കേറ്റ പശുക്കൾക്ക് ചികിത്സ ഒരുക്കിയത് മുതൽ തുടങ്ങുന്നു സഹജീവി സ്‌നേഹത്തിന്റെ നേർക്കാഴ്ചകൾ. മൃഗങ്ങൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കുന്ന സംഘടനയായ പീപ്പീൾസ് ഫോർ ആനിമൽസിന്റെ (പി.എഫ്.എ) പ്രവർത്തനങ്ങളിൽ സജീവമായ ആര്യ, ജില്ലയിൽ 2014ൽ യൂണിറ്റ് രൂപീകരിച്ചു. ജില്ലയിലെ ഡയറക്ടറായ ആര്യയ്ക്ക് മേനകാഗാന്ധി നേതൃത്വം വഹിക്കുന്ന പി.എഫ്.എയുടെ പിന്തുണയാണ് കരുത്ത്. മേനകാഗാന്ധിയുമായി വ്യക്തിബന്ധവുമുണ്ട്.
നായ്ക്കൾക്ക് കോളർ
കൊവിഡ് കാലത്ത് തെരുവുനായ്ക്കളും കാലികളും വാഹനാപകടങ്ങളിൽ പെടുന്നത് ഒഴിവാക്കാനായി റിഫ്‌ളക്ടറുകൾ ഘടിപ്പിക്കാനും രംഗത്തിറങ്ങി. കേരളം മൊത്തം നടപ്പാക്കിയ പദ്ധതിക്കാണ് അന്ന് തുടക്കമിട്ടത്. ഹൈവേയ്ക്ക് സമീപത്തെ പ്രദേശങ്ങളിലുള്ള മൃഗങ്ങളിലാണ് ആദ്യം റിഫ്‌ളക്ടർ ഘടിപ്പിച്ചത്. കൊവിഡ് കാലം മുതൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകി. തന്റെ വിവാഹത്തിനും സഹജീവിസ്‌നേഹത്തിന്റെ സന്ദേശം നൽകണമെന്ന് നിർബന്ധമുണ്ടായിരുന്നു. വേദിയിൽ റോബോട്ടിക് എലിഫന്റിനെ കൊണ്ടുവന്നതും അതിനായിരുന്നു. കൊച്ചി ഇടപ്പള്ളി സ്വദേശിയും റേഡിയോ ജോക്കിയുമായ കെ.എസ്.മുകിലാണ് ഭർത്താവ്. വിദേശത്ത് ചീഫ് എൻജിനീയറായിരുന്ന അച്ഛൻ ഭരതൻ ഏങ്ങൂരിനും അമ്മ ഗിൽസയ്ക്കും ആര്യയുടെ മൃഗസ്‌നേഹത്തോട് തെല്ലും എതിരഭിപ്രായമില്ല, സാമ്പത്തിക നഷ്ടങ്ങളേറെയുണ്ടെങ്കിലും. സഹോദരി മഞ്ജുലക്ഷ്മിയും സഹോദരൻ ആസ്റ്റർമെഡിസിറ്റിയിലെ ഡോ.വൈശാഖും ഭർത്താവ് മുകിലുമെല്ലാം ആര്യയുടെ ലക്ഷ്യങ്ങൾക്കൊപ്പം നിലകൊള്ളുന്നു.
എ.ബി.സി ഫലപ്രദമായി നടപ്പാക്കുകയെന്നതാണ് സർക്കാർ ചെയ്യേണ്ടത്. എ.ബി.സി നടപ്പാക്കിയിട്ടും നായ്ക്കൾ പെരുകുന്നുണ്ട്. പേവിഷ ബാധയുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചാൽ തല്ലിക്കൊല്ലരുത്, സ്വാഭാവിക മരണത്തിന് വിധേയമാക്കണം.
ആര്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |