കൊല്ലം: കൊട്ടാരക്കര ഗവ. ആശുപത്രിയിൽ വച്ച് ഡോ. വന്ദനാദാസിനെ ആക്രമിച്ച പ്രതി സന്ദീപ് സംഭവസമയം പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് കണ്ടതായി സാക്ഷികൾ കോടതിയിൽ മൊഴി നൽകി. കൊല്ലം അഡിഷണൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് മുമ്പാകെ നടന്ന സാക്ഷി വിസ്താരത്തിലാണ് കൊട്ടാരക്കാര ഗവ. ആശുപത്രിയിലെ ജീവനക്കാരായ മിനിമോൾ, പ്രദീപ, രമ്യ എന്നിവർ മൊഴി നൽകിയത്.
ഒ.പി കൗണ്ടറിന്റെ മുൻവശത്തു വച്ച് പ്രതി സന്ദീപ് മറ്റുള്ളവരെ ആക്രമിച്ച ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചത് പ്രദീപ തിരിച്ചറിഞ്ഞു. പൂയപ്പള്ളി പൊലീസ് പ്രതിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഒ.പി ടിക്കറ്റ് കൗണ്ടറിൽ താനാണ് വിവരങ്ങൾ രേഖപ്പെടുത്തിയതെന്നും പ്രദീപ കോടതിയിൽ പറഞ്ഞു.
പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ബിജീഷ്, ഹോസ്പിറ്റൽ ജീവനക്കാരി ജയന്തി, വന്ദനയുടെ സഹപാഠി ഡോ.മുബീന എന്നിവരെ ചൊവ്വാഴ്ച വിസ്തരിക്കും. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ്.ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |