പണം യാത്രക്കാർക്ക് കൊടുക്കണം
ന്യൂഡൽഹി: പന്ത്രണ്ട് മണിക്കൂർ ഗതാഗത കുരുക്കിൽ അകപ്പെടുന്ന ജനങ്ങൾ എന്തിന് 150 രൂപ ടോൾ കൊടുക്കണമെന്ന് സുപ്രീം കോടതി. തൃശൂർ പാലിയേക്കരയിലെ ടോൾ പിരിവ് തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിട്ടി സമർപ്പിച്ച ഹർജി വീണ്ടും പരിഗണിച്ചപ്പോഴാണ്
ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്,മലയാളി ജഡ്‌ജി കെ.വിനോദ് ചന്ദ്രൻ,ജസ്റ്റിസ് എൻ.വി.അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് ശക്തമായി പ്രതികരിച്ചത്.
ടോൾ ചുമത്തുന്ന മണ്ണുത്തി മുതൽ ഇടപ്പള്ളി വരെയുള്ള 65 കിലോമീറ്റർ ദൂരം പരമാവധി ഒരു മണിക്കൂർ കൊണ്ട് കടന്നുപോകാൻ കഴിയുന്ന റോഡാണ്.അവിടം കടന്നുകിട്ടാൻ 11 മണിക്കൂർ കാത്തുകിടക്കേണ്ട സാഹചര്യമാണ്. ദേശീയ പാത അതോറിട്ടി യാത്രക്കാർക്ക് അങ്ങോട്ടാണ് പൈസ കൊടുക്കേണ്ടതെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രൻ പരിഹസിച്ചു. ഇത്തരം സാഹചര്യത്തിൽ കുറഞ്ഞ ടോൾ മാത്രമെ ഈടാക്കാൻ പാടുള്ളുവെന്ന് വിധികളുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയപ്പോൾ, കുറഞ്ഞതുക എന്ന ചോദ്യംപോലും ഉദിക്കുന്നില്ലെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രൻ പ്രതികരിച്ചു.പാലിയേക്കരയിലെ തിരക്കില്ലാത്ത റോഡിന്റെ ചിത്രങ്ങൾ കാണിക്കാൻ ദേശീയപാത അതോറിട്ടി ശ്രമിച്ചപ്പോൾ,വന്യജീവി ഫോട്ടോഗ്രാഫറുടെ സഹായം തേടിയോ എന്ന് കോടതി പരിഹസിച്ചു.
ആഗസ്റ്റ് ആറിന് ടോൾപിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ കേരള ഹൈക്കോടതി നടപടിക്കെതിരെ ദേശീയപാത അതോറിട്ടി സമർപ്പിച്ച ഹർജി ആഗസ്റ്റ് 14ന് പരിഗണിച്ചപ്പോഴും കോടതി രൂക്ഷവിമർശനമുന്നയിച്ചിരുന്നു. ടോൾ പിരിക്കുന്ന ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ഹർജി സമർപ്പിച്ചിരുന്നു.
ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയ പൊതുതാത്പര്യഹർജിക്കാർ സുപ്രീംകോടതി ഇടപെടരുതെന്നും കോടതിയിൽ അഭ്യർത്ഥിച്ചു.
വാദം പൂർത്തിയായതോടെ വിധി പറയാൻ മാറ്റി.
ഉത്തരവാദിത്വം, നഷ്ടം ആർക്ക്?
മഴയാണ് നിർമ്മാണപ്രവർത്തനങ്ങൾക്ക് പ്രതിസന്ധിയെന്ന് ദേശീയപാത അതോറിട്ടി അറിയിച്ചു.
ആ അണ്ടർപാസുകളുടെ നിർമ്മാണക്കരാർ മറ്റൊരു കമ്പനിക്കാണ് നൽകിയിരിക്കുന്നതെന്ന് ടോൾകമ്പനിയും അറിയിച്ചു.അവർക്കാണ് സർവീസ് റോഡുകളിലെ ഗതാഗതകുരുക്കിന് ഉത്തരവാദിത്വം.
തങ്ങൾ കരാറെടുത്ത 60 കിലോമീറ്ററിലെ റോഡുകൾ മികച്ച രീതിയിൽ പരിപാലിക്കുന്നുണ്ട്.10 ദിവസത്തിലേറെയായി ആറുകോടിയോളമാണ് നഷ്‌ടമെന്നും ടോൾകമ്പനി അറിയിച്ചു.
നഷ്‌ടം ടോൾകമ്പനിക്ക് ദേശീയപാത അതോറിട്ടിയിൽ നിന്ന് ഈടാക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിൽ സോളിസിറ്റർ ജനറൽ ആശങ്ക രേഖപ്പെടുത്തി. ആർബിട്രേഷൻ മുഖേന പരിഹരിക്കണമോയെന്നതിൽ ഉത്തരവിൽ വ്യക്തത വരുത്താമെന്ന് കോടതി ഉറപ്പുനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |