തൃശൂർ: അരിമ്പൂർ കർഷകക്കൂട്ടായ്മ 2019 -2024 കാലഘട്ടത്തിൽ കർഷകരുടെ വ്യാജരേഖ ചമച്ച് ജില്ലയിൽ ഭൂരിഭാഗം കൊയ്ത്തുയന്ത്രങ്ങളും വിതരണം ചെയ്തതിനു പിന്നിൽ തമിഴ്‌നാട്ടിലേയും കർണ്ണാടകത്തിലേയും ലോബികളാണെന്ന് ആരോപണം.
കേരളത്തിലേക്ക് കൊയ്ത്തുയന്ത്രങ്ങളെത്തിക്കുന്ന സംഘങ്ങൾ കർഷകരുടെ പേരിൽ യന്ത്രങ്ങൾ വാങ്ങിയിതയാണ് കർഷകക്കൂട്ടായ്മ സംശയിക്കുന്നത്. കൊയ്യാൻ യന്ത്രങ്ങൾ കിട്ടാത്തതിനാൽ കഴിഞ്ഞ തവണ തമിഴ്‌നാടൻ സംഘങ്ങൾ നിരക്ക് കൂട്ടിയിരുന്നു. കൊയ്യുന്നതിന് മണിക്കൂറിന് 1600 രൂപയ്ക്കാണ് ചില പാടശേഖരസമിതിയുമായി കരാർ. എന്നാൽ കർഷകർ 2300 രൂപയിലധികം നൽകണം.
ഇടനിലക്കാരും ഇതിൽ ലാഭം കൊയ്യുന്നുണ്ട്. കർഷക കൂട്ടായ്മയുടെ ഹർജിയിൽ തൃശൂർ ചീഫ് ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
മുഴുവൻ സംഖ്യയും അടച്ച് മെഷിൻ വാങ്ങിയാൽ മാത്രമാണ് സബ്‌സിഡി ലഭിക്കുന്നത്. സാമൂഹികക്ഷേമപെൻഷൻ മാത്രം ഉപയോഗിച്ച് ജീവിക്കുന്നവർ വരെ ഇക്കൂട്ടത്തിൽ ഉണ്ടെന്നും ആരോപണമുണ്ട്. നിർദ്ധനരായ കർഷകരുടെ പേരിലും യന്ത്രങ്ങൾ വാങ്ങിയതായാണ് പറയുന്നത്.
ഉദ്യോഗസ്ഥരും പ്രതിക്കൂട്ടിൽ
കൃഷി അസി. എക്‌സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസ് മുഖാന്തരം അന്യസംസ്ഥാന ലോബികളുമായി ചേർന്ന് വ്യാജരേഖ ചമച്ച് സബ്‌സിഡി തുക തട്ടിയെടുത്തെന്നാണ് അരിമ്പൂർ കർഷക കൂട്ടായ്മ പരാതി നൽകിയത്. 2019- 2024 കാലഘട്ടത്തിൽ സർവീസിലുണ്ടായിരുന്ന മൂന്ന് അസി. എക്‌സിക്യൂട്ടീവ് എൻജിനിയർമാർക്കെതിരെയാണ് കേസ്.
എന്നിട്ടും യന്ത്രങ്ങൾ കിട്ടാനില്ല
കഴിഞ്ഞ കൊയ്ത്ത് കാലങ്ങളിലെല്ലാം പലയിടത്തും കൊയ്ത്തുയന്ത്രങ്ങൾ കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു. ചില പാടശേഖരങ്ങളിൽ വെള്ളം ഉള്ളതിനാൽ ടയർ യന്ത്രങ്ങൾ ഇറക്കി കൊയ്ത്ത് നടത്താനാകാത്ത സ്ഥിതിയായിരുന്നു. ബെൽട്ടിൽ പ്രവർത്തിക്കുന്ന യന്ത്രങ്ങളെ ഇറക്കിവേണമായിരുന്നു കൊയ്ത്ത് നടത്താൻ. കൊയ്ത്തുയന്ത്രങ്ങൾക്ക് അയൽ സംസ്ഥാനങ്ങളാണ് ആശ്രയം.
ജില്ലയിൽതന്നെ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്റെ (കെയ്‌കോ) അധീനതയിൽ കൊയ്ത്തുയന്ത്രങ്ങൾ ഉണ്ടെങ്കിലും ഇതൊന്നും കർഷകന് പ്രയോജനപ്പെടാറില്ല. ഭൂരിഭാഗം യന്ത്രങ്ങളും പ്രവർത്തനക്ഷവുമല്ല. യന്ത്രമുണ്ടെങ്കിൽ ഓപ്പറേറ്റർ ഉണ്ടാകില്ല. ചിലപ്പോൾ യന്ത്രം എത്തിക്കാനുള്ള ലോറിയും ലഭിക്കാറില്ല. ചെറുകിട കർഷകന് കെയ്‌കോയിൽനിന്ന് യന്ത്രം എത്തിച്ച് കൊയ്‌തെടുക്കൽ എളുപ്പമല്ല.
ഒരു കൊയ്ത്തുയന്ത്രത്തിന് വില: 25,80,000 രൂപ
സർക്കാർ സബ് സിഡി: 50 ശതമാനം
ജില്ലയിൽ അനുവദിച്ചത്: 104 യന്ത്രം
തട്ടിച്ചതായി ആരോപിക്കുന്നത്: 134,16,00,000 രൂപ .
ഈ വിഷയത്തിൽ പൊലീസ് അന്വേഷണം നടക്കാതിരുന്നപ്പോഴാണ് കോടതിയെ സമീപിച്ചത്. കർഷകരുടെ പ്രശ്‌നങ്ങൾക്ക് എന്നും അവഗണനയാണ്.സി.എൽ.ജോൺസൺ, സെക്രട്ടറി, കർഷകക്കൂട്ടായ്മ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |