തിരുവനന്തപുരം:വാട്ടർ അതോറിട്ടിയിൽ അസിസ്റ്റന്റ് എൻജിനിയറുടെ ഇല്ലാത്ത നാല് ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത മൂന്ന് ഉദ്യോഗസ്ഥർക്ക് കാരണംകാണിക്കൽ നോട്ടീസ്. ഭരണപരിഷ്കാര വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്ലാർക്ക് എം.ആർ മാനുഷ്, ജൂനിയർ സൂപ്രണ്ട് അനിൽ, സീനിയർ സൂപ്രണ്ട് എസ്.ബിജു എന്നിവർക്കാണ് നോട്ടീസ് നൽകിയത്.
ചീഫ് എൻജിനിയറടക്കം ഒൻപതുപേർക്കെതിരേ നടപടിയെടുക്കാനാണ് ഭരണപരിഷ്കരണ വകുപ്പ് നിർദ്ദേശം. 2020ൽ അസിസ്റ്റന്റ് എൻജിനിയർമാരുടെ റാങ്ക് പട്ടികയുടെ കാലാവധി കഴിയുന്ന ദിവസം ആറ് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ നാല് ഒഴിവുകൾ ഇല്ലാത്തതാണെന്ന് കണ്ടെത്തി. നാല് ഉദ്യോഗസ്ഥർ അവധി നീട്ടാൻ അപേക്ഷിച്ചു എന്ന പേരിലായിരുന്നു നീക്കം. എന്നാൽ, ഇവർ അപേക്ഷിച്ചതിന്റെ രേഖകളൊന്നും കണ്ടെത്താനായില്ല. രേഖകളില്ലാതെയാണ് ക്ലാർക്ക് ഫയൽ തയ്യാറാക്കിയതെന്നും ജൂനിയർ സൂപ്രണ്ട്, സീനിയർ സൂപ്രണ്ട് എന്നിവരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നും ഭരണപരിഷ്കരണ വകുപ്പ് റിപ്പോർട്ടിൽ വ്യക്തമാക്കി. വേണ്ടത്ര പരിശോധന നടത്താത്ത അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ,ചീഫ് എൻജിനിയർ തുടങ്ങിയ ആറുപേർക്കെതിരേയും നടപടി ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ, ഇവരിൽ പലരും സർവീസിൽ നിന്ന് വിരമിച്ചവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |