വിഴിഞ്ഞം: ഓണക്കോടിയായി രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന് ബാലരാമപുരം കൈത്തറിയിൽ റോയൽസാരിയും പ്രധാനമന്ത്രി നരേദ്ര മോദിക്ക് പൊന്നാടയും. സംസ്ഥാന കൈത്തറി ഡയറക്ടറേറ്റ് ഹാൻറ്റക്സിന് നൽകിയ ഓർഡർ പ്രകാരമാണ് കല്ലിയൂർ പെരിങ്ങമ്മല കേന്ദ്രമായ ജയ്കിഷ് ഹാന്റലൂം വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഓർഡർ ലഭിച്ചത്. നാലാം വർഷമാണ് പ്രധാനമന്ത്രി ഉൾപ്പെട്ട കേന്ദ്ര മന്ത്രിമാർക്ക് കൈത്തറി വസ്ത്രങ്ങൾ നെയ്തു നൽകുന്നതെന്ന് സൊസൈറ്റി സെക്രട്ടറി വി. സന്തോഷ് പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുർമുവിന് സ്വർണ്ണ കസവിൽ ടിഷ്യു മെറ്റീരിയലിലാണ് സാരി തയ്യാറായത്.
പ്രധാനമന്ത്രിക്ക് ടിഷ്യു മെറ്റീരിയലിൽ സ്വർണ്ണ കസവ് കള്ളികളായും അമിത് ഷാ ഉൾപ്പെടെയുള്ളവർക്ക് സ്വർണ്ണവും വെള്ളിയും കസവുകൾ ഇടകലർത്തി കള്ളികളായും നെയ്ത പൊന്നാടയാണ് തയ്യാറായത്.
15 റോയൽസാരികൾ 110 പൊന്നാട,15 റോയൽ പൊന്നാട എന്നിവയാണ് കൈത്തറി കലാകാരന്മാർ നെയ്തെടുത്തത്. 15 ഓളം കൈത്തറി നെയ്ത്തുകാർ 20 ദിവസം കൊണ്ടാണ് ഇവ തയ്യാറാക്കിയത്. നെയ്തെടുത്ത വസ്ത്രങ്ങൾ വ്യാഴാഴ്ച ഹാൻ്റക്സിന് കൈമാറും. ഇവിടെ നിന്നും സംസ്ഥാനത്തെ വിവിധ കലാശില്പങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ അടങ്ങിയ ഗിഫ്റ്റ് ബോക്സായാണ് നൽകുന്നത്. ഓണക്കോടിയായി കസവ് വസ്ത്രം തെരഞ്ഞെടുത്തതിൽ വളരെ സന്തോഷം തോന്നുന്നുവെന്ന് സന്തോഷ് പറഞ്ഞു.
ഫോട്ടോ: നെയ്തെടുത്ത കൈത്തറി വസ്തങ്ങളുമായി
സൊസൈറ്റി സെക്രട്ടറി വി.സന്തോഷ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |