കണ്ണൂർ: ട്രെയിൻ ടിക്കറ്റുകളെല്ലാം ബുക്ക് ചെയ്ത് തീർന്നതോടെ മറുനാടൻ മലയാളികൾ ഓണത്തിന് നാട്ടിലെത്താൻ പാടുപെടും. ഓണത്തോടനുബന്ധിച്ച് ദക്ഷിണ റെയിൽവേ സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിവേഗത്തിലാണ് ടിക്കറ്റ് തീരുന്നത്.
ആഗസ്റ്റ് രണ്ടു മുതലാണ് സ്പെഷ്യൽ ട്രെയിൻ ബുക്കിംഗ് ആരംഭിച്ചത്. ജനറൽ കമ്പാർട്ടുമെന്റുകളിൽ കാൽ കുത്താൻ പോലും സ്ഥലം ലഭിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. കേരള, കർണാടക ആർ.ടി.സികളുടെ സെപ്റ്റംബർ ആദ്യവാരത്തിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആഗസ്റ്റ് ഒന്നിനും ആരംഭിച്ചിരുന്നു. ബംഗളൂരുവിൽ നിന്നും സെപ്തംബർ 2, 3, 4 തീയതികളിലാണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. പതിവ് സർവീസുകളിലെ സീറ്റുകൾ തീരുന്നതിനനുസരിച്ച് സ്പെഷ്യലുകളിലേക്കുള്ള ബുക്കിംഗ് ആരംഭിക്കും.
ഓണക്കാലത്ത് അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ നിരക്ക് മൂന്നിരട്ടിയോളമാണ് വർദ്ധിക്കുന്നത്. മറ്റ് വഴികളില്ലാതെ മലയാളികൾ വലിയ നിരക്ക് നൽകി യാത്ര ചെയ്യേണ്ടി വരുന്ന സ്ഥിതിയാണ്. കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളിലെ ടിക്കറ്റ് ബുക്കിംഗ് ജൂണിൽ തന്നെ ആരംഭിച്ചിരുന്നു. എറണാകുളത്തേക്ക് എ.സി സ്ലീപ്പറിൽ 3200മുതൽ 3800 രൂപ വരെയും തിരുവനന്തപുരത്തേക്ക് 3000മുതൽ 3500 രൂപയുമാണ് നിലവിലെ നിരക്ക്.
സാധാരണ ദിവസങ്ങളിൽ ബംഗളൂരൂ- കണ്ണൂർ റൂട്ടുകളിൽ നോൺ എ.സി ബസിൽ 650 രൂപ മുതലും സെമി സ്ലീപ്പറിൽ 800 രൂപ മുതലുമാണ് നിരക്ക്.എന്നാൽ ഇതിപ്പോൾ 1500 മുതൽ 1700 വരെ ആയി. എ.സിയിൽ 1999 മുതൽ 2999 വരെ ആണ്. ടിക്കറ്റ് ചാർജിന് പുറമേ ജി.എസ്.ടിയും ഈടാക്കുന്നുണ്ട്. ഈ ബസുകൾ ഫുള്ളായാൽ കൂടുതൽ ബസ് ഇറക്കുമെങ്കിലും ടിക്കറ്റ് നിരക്ക് പൊള്ളുന്നതായിരിക്കും.
അധിക സർവീസുമായി കെ.എസ്.ആർ.ടി.സി
ഓണത്തോടനുബന്ധിച്ചുള്ള യാത്രാദുരിതം പരിഗണിച്ച് കണ്ണൂർ ബംഗളൂരു റൂട്ടിൽ ഏഴ് അധിക സർവീസുകൾ അനുവദിച്ചിട്ടുണ്ട്. ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടില്ല. ആഗസ്ത് 29 മുതൽ സെപ്തംബർ 15 വരെയാണ് അധികസർവീസുള്ളത്. നിലവിൽ അനുവദിച്ച സ്പെഷ്യൽ സർവിസുകൾക്ക് പുറമേ എട്ട് അധിക സർവീസുകളാണുള്ളത്. ഇതിൽ എട്ട് ബസുകളിലും റിസർവേഷൻ ഫുള്ളായിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി സർവീസുകൾ
ബംഗളൂരു-കണ്ണൂർ സൂപ്പർ ഫാസ്റ്റ് (രാത്രി 8.30, 9.45, ഇരിട്ടി, മട്ടന്നൂർ വഴി)
ബംഗളൂരു-പയ്യന്നൂർ സൂപ്പർ ഡീലക്സ് (രാത്രി 10 ചെറുപുഴ വഴി)
ബംഗളൂരു-കാഞ്ഞങ്ങാട് സൂപ്പർ ഡീലക്സ് (രാത്രി 9.40 ചെറുപുഴ വഴി)
കണ്ണൂർ-ബംഗളൂരു സൂപ്പർ ഫാസ്റ്റ് (രാത്രി 8.10 9.40)
പയ്യന്നൂർ-ബംഗളൂരു സൂപ്പർ ഡീലക്സ് (രാത്രി 8.15 ചെറുപുഴ മൈസൂർ വഴി)
കാഞ്ഞങ്ങാട്-ബംഗളൂരു സൂപ്പർ ഡീലക്സ് ( വൈകീട്ട് 6.40, ചെറുപുഴ മൈസൂർ വഴി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |