കൊച്ചി: കൊച്ചി, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖങ്ങളുടെയും ചരക്കുനീക്കത്തിലെ സാദ്ധ്യതകളും വിനിയോഗിക്കാൻ അദാനി ഗ്രൂപ്പ് ഉൾപ്പെടെ വമ്പന്മാർ കൊച്ചിയിൽ ലോജിസ്‌റ്റിക്‌സ് പാർക്കുകൾ നിർമ്മിക്കും. അദാനി ഗ്രൂപ്പിന്റെ ലോജിസ്‌റ്റിക്‌സ് പാർക്കിന് 23ന് തറക്കല്ലിടും. കളമശേരി എച്ച്.എം.ടിക്കും മെഡിക്കൽ കോളേജിനും ഇടയിലായി 70 ഏക്കർ സ്ഥലത്താണ് പാർക്ക് നിർമ്മിക്കുന്നത്.
രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടൽ നിർവഹിക്കും. വ്യവസായമന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും. അദാനി ഗ്രൂപ്പിലെ ഉന്നതരുൾപ്പെടെ ചടങ്ങിൽ പങ്കെടുക്കും. 500 കോടി രൂപയാണ് പദ്ധതിച്ചെലവ്. കേരളത്തെ ലോജിസ്റ്റിക് ഹബ്ബായി മാറ്റാൻ കഴിയുന്ന പദ്ധതിയായി മാറുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. കൊച്ചിയിൽ നടന്ന നിക്ഷേപകസംഗമത്തിൽ അവതരിപ്പിക്കപ്പെട്ട പദ്ധതിയാണിത്. 2025 അവസാനം പ്രവർത്തനം ആരംഭിക്കുകയാണ് ലക്ഷ്യം.
സൈബർസിറ്റി പദ്ധതിക്കായി മുംബയ് ആസ്ഥാനമായ ബ്ളുസ്‌റ്റാർ റിയൽട്ടേഴ്സ് എച്ച്.എം.ടിയിൽ നിന്ന് വാങ്ങിയ 70 ഏക്കർ സ്ഥലത്താണ് അദാനി ലോജിസ്‌റ്റിക്‌സ് പാർക്ക് നിർമ്മിക്കുന്നത്. 2007ൽ പ്രഖ്യാപിക്കുകയും 2008 ജനുവരി 19ന് തറക്കല്ലിടുകയും ചെയ്ത പദ്ധതി മുടങ്ങിയിരുന്നു. ബ്ളൂസ്റ്റാറിന്റെ മാതൃസ്ഥാപനമായ ഹൗസിംഗ് ഡവലപ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് പ്രതിസന്ധിയിലായതോടെയാണ് പദ്ധതി മുടങ്ങിയത്. അദാനി ഗ്രൂപ്പ് ബ്ളൂസ്റ്റാറിനെ ഏറ്റെടുത്തതോടെയാണ് ലോജിസ്റ്റിക്‌സ് പാർക്ക് പദ്ധതി തയ്യാറാക്കിയത്.
ലോജിസ്റ്റിക്‌സ് മേഖലയിൽ കൂടുതൽ പദ്ധതികൾ കേരളിൽ വരുമെന്ന് വ്യവസായ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ആലുവ എടയാറിൽ യൂറോപ്യൻ കമ്പനി നൂറേക്കറിൽ ലോജിസ്റ്റിക് പാർക്ക് ആരംഭിക്കാൻ പദ്ധതി തയ്യാറാക്കി വരുകയാണ്. അങ്കമാലിക്ക് സമീപം പാറക്കടവിലും ലോജിസ്റ്റിക്‌സ് പാർക്കിന് സ്വകാര്യ സ്ഥാപനം നടപടികൾ ആരംഭിച്ചിട്ടുണ്ട്. രണ്ടരലക്ഷം ചതുരശ്രയടി പദ്ധതി ബംഗളൂരുവിലെ കമ്പനിയാണ് നിർമ്മിക്കുന്നത്. ഇ കൊമേഴ്സ് പ്രമുഖരായ ഫ്ളിപ്പ്കാർട്ടിന്റെ പാർക്ക് നിർമ്മാണം അവസാനഘട്ടത്തിലാണ്.
ആദ്യം വരുന്നത് ഫ്ലിപ്കാർട്ട്
വൻകിട കമ്പനികൾക്കായി വെയർ ഹൗസുകൾ പാർക്കിലുണ്ടാകും. ഇ കൊമേഴ്‌സ് രംഗത്തെ വമ്പന്മാരായ ഫ്‌ളിപ്പ് കാർട്ടാണ് പാർക്കിൽ ആദ്യമായി പ്രവർത്തനം ആരംഭിക്കുക. വാൾ മാർട്ടിന്റെ ഉപസ്ഥാപനവും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചനകൾ.
ഇടപ്പള്ളി മണ്ണുത്തി ദേശീയപാത, സീപോർട്ട് എയർപോർട്ട് റോഡ്, കളമശേരി റെയിൽവെ സ്റ്റേഷൻ എന്നിവയ്ക്ക് സമീപത്താണ് പദ്ധതിപ്രദേശം. സീപോർട്ട് റോഡിൽ നിന്ന് രണ്ടുകിലോമീറ്റർ ദൂരമേയുള്ളൂ. സ്ഥലം ഒരുക്കുന്ന പ്രാഥമികജോലികൾ പൂർത്തിയായി.
1.37 ലക്ഷം ചതുരശ്രമീറ്റർ വിസ്‌തൃതിയിൽ ആറ് ആധുനിക വെയർ ഹൗസുകളാണ് നിർമ്മിക്കുക.
ഭക്ഷ്യവസ്‌തുക്കൾ, വസ്ത്രങ്ങൾ, മരുന്ന്, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയുടെ സംഭരണത്തിനും നീക്കത്തിനും സൗകര്യം ലഭ്യമാക്കും.
അനുകൂലഘടകങ്ങൾ
3 അന്താരാഷ്ട്ര വിമാനത്താവളങ്ങൾ
2 മേജർ തുറമുഖങ്ങൾ
17 ചെറിയ തുറമുഖങ്ങൾ
മികച്ച റോഡുകളുടെ ശൃംഖല
ദേശീയ ഉൾനാടൻ ജലപാത
ഉപഭോക്തൃ വസ്‌തുക്കളുടെ ശ്രേണി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |