ആലപ്പുഴ: ഓണം ആഘോഷിക്കാൻ ജില്ലാ ഫെയറുകളും ഓണച്ചന്തകളും അടുത്താഴ്ച മുതൽ ജില്ലയിൽ ആരംഭിക്കും. സപ്ലൈകോ, കൺസ്യൂമർഫെഡ്, ഹോർട്ടികോർപ്പ്, കുടുംബശ്രീ എന്നിവയുടെ മേളകളാണ് അടുത്താഴ്ച മുതൽ ആരംഭിക്കുക. പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭിക്കും. മറ്റ് സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ഫെയറുകൾ നടക്കും.
സപ്ലൈകോ ഓണ വിപണന മേള 26 മുതൽ ആരംഭിക്കും. ജില്ലാ ഫെയർ കോടതിപ്പാലത്തിന് സമീപമുള്ള പുന്നപ്ര വയലാർ ഹാളിലാണ്. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. നിയമസഭ മണ്ഡലംതലത്തിലും എല്ലാ ഔട്ലെറ്റുകളിലും ഫെയർ നടക്കും. 10 ദിവസമാണ് ഫെയർ.
കൺസ്യൂമർഫെഡ് ഫെയർ 27മുതൽ
കൺസ്യൂമർഫെഡ് ഓണച്ചന്തകൾ 26 മുതൽ ആരംഭിക്കും. 26ന് സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം 27 മുതൽ ജില്ലാതല ഫെയറുകൾക്ക് തുടക്കമാകും. ജില്ലയിൽ ഒരു ജില്ലാ ഫെയർ ഉണ്ടാവും. കൂടാതെ 104 സഹകരണ സൊസൈറ്റികളിലും 14 ത്രിവേണി സ്റ്റോറുകളിലുമായി 118 മേളകൾ നടക്കും. സബ്സിഡി സാധനങ്ങൾക്ക് 50-60 ശതമാനം വരെയും മറ്റുള്ളവയ്ക്ക് 20- 40 ശതമാനം വരെയും വിലക്കുറവ് ലഭിക്കും. സെപ്തംബർ നാല് വരെയാണ് മേള നടക്കുക.
ഹോർട്ടികോർപ്പ് സ്റ്റാളുകൾ
സപ്ലൈകോ, കുടുംബശ്രീ അടക്കമുള്ളവയുടെ വിവിധ ഓണച്ചന്തകളിൽ ഹോർട്ടികോർപ്പിന്റെ പച്ചക്കറി സ്റ്റാളുകൾ ഉണ്ടാകും. ഓണത്തോട് അടുത്തുള്ള ദിവസങ്ങളിലാവും മേള ആരംഭിക്കുക. ഇതിന്റെ ഒരുക്കങ്ങൾ നടക്കുകയാണ്. 45 സ്റ്റാളുകൾ ഒരുക്കാനാണ് ലക്ഷ്യം. വിലക്കുറവിലായിരിക്കും വില്പന. പച്ചക്കറികളുടെ വില തീരുമാനമായിട്ടില്ല.
കുടുംബശ്രീ ഓണച്ചന്തകൾ
ഓണവിപണി ലക്ഷ്യമിട്ട് സ്വന്തം ബ്രാൻഡിൽ ഉപ്പേരിയും ശർക്കര വരട്ടിയും മറ്റ് ഉത്പന്നങ്ങളുമായി കുടുംബശ്രീ ഓണം ഫെയറുകൾ നടത്തും. ജില്ലാതല ഓണച്ചന്തയുടെ ഉദ്ഘാടനം 29ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ചെങ്ങന്നൂർ പുലിയൂരിലാണ് മേള സംഘടിപ്പിക്കുന്നത്. 25 ഉത്പന്ന വിപണന സ്റ്റാളുകളും 10 ഭക്ഷണ സ്റ്റാളുകളുമുണ്ടാകും. ജില്ലയിലാകെ 160 ഓണച്ചന്തകളാണ് ക്രമീകരിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |