ന്യൂഡൽഹി: പോൾക്ക ഡോട്ടുളള ഫ്രോക്കും ചുവന്നു തുടുത്ത കവിളുകളും നീലമുടിയും കൈയിൽ ബട്ടറും പിടിച്ചുനിൽക്കുന്ന അമുൽ ഗേളിനെ ആർക്കും മറക്കാനാകില്ല. ഒരു കാലത്ത് പത്രങ്ങളിലെയും ടെലിവിഷനുകളിലെയും പരസ്യങ്ങളിൽ നിറഞ്ഞുനിന്ന അമുൽ ഗേൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. ആ ചിത്രങ്ങൾ ഒരു മലയാളിയുടേതാണെന്ന് അധികം ആർക്കും അറിയാത്ത കാര്യമാണ്. കോൺഗ്രസ് എംപിയും പ്രശസ്ത എഴുത്തുകാരനുമായ ശശി തരൂരിന്റെ സഹോദരിയായ ശോഭാ തരൂരാണ് അമുൽ ബ്രാൻഡിന്റെ മോഡലയാത്. യാദൃശ്ചികമായിട്ടാണ് ശോഭാ തരൂർ അമുൽ ഗേളായത്.
ലോക പ്രശസ്ത ബ്രാൻഡായ അമുൽ ബട്ടറിനായി ഒരു പരസ്യ ക്യാമ്പയിൻ തുടങ്ങുകയെന്നത് അമുൽ സ്ഥാപകൻ ഡോക്ടർ വർഗീസ് കുര്യന്റെ ആശയമായിരുന്നു. ഇതിനായി അദ്ദേഹം സമീപിച്ചത് പരസ്യ ഏജൻസിയുടെ ഡയറക്ടറായ സിൽവസ്റ്റർ ഡകുൻഹയെയായിരുന്നു. ഒടുവിൽ കുട്ടികളെ പരസ്യത്തിന്റെ മോഡലാക്കാമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു. എന്നാൽ മനസിനണങ്ങിയ ഒരു മോഡലിനെ കണ്ടെത്തുകയെന്നത് സിൽവസ്റ്റർ ഡകുൻഹയുടെ മുന്നിലെത്തിയ വലിയ വെല്ലുവിളിയായിരുന്നു. കാണികൾക്ക് പെട്ടെന്ന് ഇഷ്ടം തോന്നുന്നതും ഓമനത്തം തുളുമ്പുന്ന മുഖവുമുളള ഒരു കുട്ടിയായിരുന്നു അമുലിന്റെ മോഡലാകേണ്ടത്. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുട്ടികളുടെ ചിത്രങ്ങൾ പരസ്യത്തിനായി ക്ഷണിച്ചു.
1961ൽ 700 ലധികം കുട്ടികളുടെ ചിത്രങ്ങൾ സിൽവസ്റ്റർ ഡകുൻഹയുടെ മുന്നിലെത്തി. എന്നാൽ അവയൊന്നും അദ്ദേഹത്തിന് തൃപ്തികരമായി തോന്നിയില്ല. ആ സമയത്താണ് തന്റെ മലയാളി സുഹൃത്തായ ചന്ദ്രൻ തരൂരിന് മൂന്ന് മക്കളുണ്ടെന്ന കാര്യം സിൽവസ്റ്റർ ഡകുൻഹ ഓർത്തത്. അദ്ദേഹം മൂത്തമകളുടെ ചിത്രം അയച്ചുതരാൻ ചന്ദ്രൻ തരൂരിനോട് ആവശ്യപ്പെട്ടു. ശോഭ തരൂർ എന്നായിരുന്നു ചന്ദ്രൻ തരൂരിന്റെ മൂത്ത മകളുടെ പേര്. ശോഭയെ കൂടാകെ ചന്ദ്രൻ തരൂരിന് ശശി തരൂർ, സ്‌മിത തരൂർ എന്നീ രണ്ട് കുട്ടികളുമുണ്ട്.
സംവിധായകനായ ശ്യാം ബെനഗലാണ് ശോഭാ തരൂരിന്റെ ചിത്രം എടുത്തത്. ആ സമയത്ത് ശോഭയ്ക്ക് വെറും പത്ത് മാസമായിരുന്നു പ്രായം. അന്നെടുത്ത ചിത്രങ്ങൾ സിൽവസ്റ്റർ ഡകുൻഹയുടെ മനസിനിണങ്ങുന്ന തരത്തിലുളളതായിരുന്നു. ബ്ലാക്ക് ആന്റ് വൈറ്റിലെ അമുൽ ഗേളായിരുന്നു ശോഭ തരൂർ. എന്നാൽ രണ്ടുവർഷത്തിന് ശേഷം കമ്പനി കളർ പരസ്യങ്ങൾ പുറത്തിറക്കിയപ്പോൾ ശോഭയുടെ ഇളയ സഹോദരി സ്മിതയായിരുന്നു മോഡലായത്. ഇപ്പോൾ കാലിഫോർണിയയിൽ താമസിക്കുന്ന ശോഭ തരൂർ പ്രമുഖ ബാലസാഹിത്യകാരിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |