തിരുവനന്തപുരം: മുക്കുപണ്ടം പണയംവച്ച് കോടികൾ തട്ടിയ സംഘത്തിലെ അഞ്ചുപേർ പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും സംഘത്തലവനുമായ കൊല്ലം സ്വദേശി അഖിൽ ക്ലീറ്റസ്,വഴയില സ്വദേശി പ്രതീഷ് കുമാർ,അമ്പലമുക്ക് എൻ.സി.സി റോഡ് സ്വദേശി ജിത്തു എന്ന് വിളിക്കുന്ന ഷെജിൻ,പത്തനംതിട്ട തണ്ണിത്തോട് സ്വദേശികളായ സ്മിജു സണ്ണി,സണ്ണി എന്നിവരെയാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 14നാണ് തട്ടിപ്പ് സംബന്ധിച്ച പരാതി ലഭിച്ചത്. പേരൂർക്കട സ്റ്റേഷൻ പരിധിയിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് രണ്ടുപേർ പണം തട്ടിയെന്നായിരുന്നു പരാതി. തുടർന്ന് പ്രതീഷ് കുമാർ,ജിത്തു എന്നിവരെ അന്നുതന്നെ പൊലീസ് പിടികൂടി.ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് കോടികളുടെ തട്ടിപ്പ് വിവരം പുറത്തുവന്നത്.
സംസ്ഥാന വ്യാപകമായി മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന വലിയ റാക്കറ്റിന്റെ കണ്ണികളായിരുന്നു ഇവർ.യഥാർത്ഥ സ്വർണം പോലും തോറ്റുപോകുന്ന മാറ്റാണ് മുക്കുപണ്ടത്തിന്. ഉരച്ചു നോക്കിയാൽ പോലുമറിയില്ല. തുടർന്ന് പ്രതികൾക്ക് മുക്കുപണ്ടം കൈമാറിയ സ്മിജു,സണ്ണി എന്നിവരെയും പൊലീസ് പിടികൂടി.ഇവരെ നാലുപേരെയും ചോദ്യം ചെയ്തതോടെയാണ് മുഖ്യപ്രതിയായ അഖിൽ ക്ലീറ്റസിലേക്ക് പൊലീസെത്തിയത്.എന്നാൽ ഇയാൾ ഒളിവിലായിരുന്നു.സി.സി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചാലക്കുടിയിൽ നിന്നാണ് അഖിലിനെ പിടികൂടിയത്.
നയിച്ചത് ആഡംബരജീവിതം
ജുവലറികളിൽ പോലും വ്യാജ സ്വർണം നൽകി കോടികൾ അഖിൽ തട്ടിയിട്ടുണ്ടെന്നാണ് വിവരം. അഖിലിനെതിരെ തട്ടിപ്പ്,മയക്കുമരുന്ന് കച്ചവടം,വധശ്രമം,വെള്ളിമൂങ്ങ കടത്തൽ ഉൾപ്പെടെയുള്ള കേസുകൾ നിലവിലുണ്ട്.കൊല്ലത്ത് കാപ്പ കേസ് നിലവിലുള്ളതിനാൽ തൃശൂർ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചത്. പണയംവയ്പ് തട്ടിപ്പിലൂടെ കോടികൾ സമ്പാദിച്ച അഖിൽ, നിരവധി വസ്തുക്കൾ വാങ്ങിക്കൂട്ടി ആഡംബര ജീവിതം നയിക്കുകയായിരുന്നു. വയനാട്ടിൽ മാത്രം നിരവധി റിസോർട്ടുകൾ വാങ്ങി. തിരുവനന്തപുരം സിറ്റി ഡി.സി.പി ഫറാഷിന്റെ നിർദ്ദേശപ്രകാരം കന്റോൺമെന്റ് എ.സി.പി സ്റ്റുവെർട്ട് കീലറിന്റെ മേൽനോട്ടത്തിൽ പേരൂർക്കട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഉമേഷ്,എസ്.ഐ ജഗ്‌മോഹൻ ദത്തൻ,ഗ്രേഡ് എസ്.ഐ മനോജ്,എസ്.സി.പി.ഒമാരായ അനീഷ്,അജിത്ത്,സി.പി.ഒമാരായ അരുൺ,രഞ്ജിത്ത്,എസ്.ഐ.ആസാദ് ചന്ദ്രൻ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |