പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്
കോഴിക്കോട്: നിരത്തിൽ അസഭ്യ പ്രയോഗങ്ങളും കെെയാങ്കളിയും 'കല'യാക്കിയ ഡ്രൈവർമാരെ പൂട്ടാൻ മോട്ടോർ വാഹനവകുപ്പ്. ഹോണടിച്ചാലോ, സൈഡ്കൊടുക്കാൻ വൈകിയാലോ നിരത്തിലിറങ്ങി അസഭ്യം പറയുന്നതും വാഹനം കുറുകെ പിടിച്ച് ബ്ലോക്കുണ്ടാക്കുന്നതും അടിപിടിയാകുന്നതും നിരത്തിൽ നിത്യ സംഭവമായി മാറിയതോടെയാണ് കർശന പരിശോധനയുമായി വകുപ്പ് രംഗത്തിറങ്ങുന്നത്. പിടിക്കപ്പെട്ടാൽ ലൈസൻസ് സസ്പെന്റ് ചെയ്യാനാണ് തീരുമാനം. ഓണത്തിരക്ക് അടുത്തതോടെ നിരത്തിൽ തിരക്ക് ഏറി വരികയാണ്. വാഹനപ്പെരുപ്പം മൂലം റോഡിൽ ഇത്തരം വാക് തർക്കങ്ങളും കൈയാങ്കളിയും ഉണ്ടാകാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് പരിശോധന കർശനമാക്കുന്നത്. കഴിഞ്ഞ ദിവസം മാവൂർ റോഡിൽ സമയത്തെ ചൊല്ലി ബസ് ഡ്രെെവർമാർ തമ്മിൽ കൂട്ടത്തല്ലുണ്ടായിരുന്നു.
പരിശോധന ഇങ്ങനെ
ചേവായൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിലുള്ള ആറ് സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളുടെ പരിധിയിലും മോട്ടോർ വാഹന വകുപ്പും എൻഫോസ്മെന്റ് പ്രത്യക സ്ക്വാഡുകളും ചേർന്ന് പരിശോധനകൾ നടത്തും. ഒരു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ, രണ്ട് അസി. ഇൻസ്പെക്ടർ എന്നിവരാണ് സംഘത്തിലുണ്ടാകുക. തിരക്കുള്ള ജംഗ്ഷനുകളിലും റോഡുകളിലും പരിശോധന നടക്കും. ഡ്രൈവിംഗിനിടെ നിസാര കാര്യങ്ങളിൽ പോലും പ്രകോപിതരായി നടുറോഡിൽ വഴക്കിടുന്നത് നിത്യസംഭവമാണ്. തർക്കം ഗതാഗതതടസം ഉണ്ടാക്കിയാൽ ലൈസൻസ് നിശ്ചിത ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്യും. ഗുരുത രമായ അപകടം, ജീവഹാനി എന്നിവയുണ്ടായാൽ കുറ്റക്കാരുടെ ലൈസൻസ് റദ്ദ് ചെയ്യും.
റോഡ് റേജ്
വാഹനമോടിക്കുന്നവർ നടു റോഡിൽ പ്രകടിപ്പിക്കുന്ന ആക്രമണാത്മക പെരുമാറ്റമാണ് റോഡ് റേജ്.
പല വിധത്തിലാണ് ഇവ പ്രകടിപ്പിക്കുന്നത്. മറ്റുള്ള ഡ്രൈവർമാരെയോ, കാൽനടയാത്രക്കാരെയോ, സൈക്കിൾ യാത്രക്കാരെയോ ഭീഷ ണിപ്പെടുത്തും. അപകടകരമായി ഡ്രൈവ് ചെയ്യും. അശ്ലീല ആംഗ്യങ്ങൾ കാണിക്കും. തുടർച്ചയായി ഹോൺ മുഴക്കും. വാഹനം ചേർത്ത് ഉരസും. മുന്നിൽക്കയറി സൈഡ്തരാതെ സാവധാനം വാഹനമോടിക്കും.
'' പരിശോധനയ്ക്കുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡ് റേജുമായി ബന്ധപ്പെട്ട പരാതികളൊന്നും നിലവിൽ ലഭിച്ചിട്ടില്ല. ലഭിച്ചാലുടൻ നടപടി സ്വീകരിക്കും'' അരുൺ, ജോയിന്റ് ആർ.ടി.ഒ കോഴിക്കോട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |