കോട്ടയം : നഗരമദ്ധ്യത്തിൽ എട്ടു പേരെ കടിച്ച തെരുവു നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ഇതോടെ പ്രതിരോധ നടപടികൾ ശക്തമാക്കി ജില്ലാ ഭരണകൂടം. ബുധനാഴ്ച ഉച്ചയോടെയായിരുന്നു നഗരമദ്ധ്യത്തിൽ
മുൻ നഗരസഭ ചെയർമാൻ പി.ജെ.വർഗീസിനെയടക്കം തെരുവുനായ ആക്രമിച്ചത്. നായയെ പിടികൂടിയെങ്കിലും പിന്നീട് ചത്തു. ഇന്നലെ തിരുവല്ലയിലെ വെറ്ററിനറി കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
ഏതാനും മാസം മുമ്പ് നഗരത്തിലെ 723 തെരുവുനായ്‌ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകിയിരുന്നു. കെ.എസ്.ആർ.ടി.സി, മത്സ്യ മാർക്കറ്റ് ഉൾപ്പെടുന്ന രണ്ട് നഗരസഭാ വാർഡുകളിലെ തെരുവുനായ്ക്കൾക്ക് ഇന്നും നാളെയുമായി വീണ്ടും പ്രതിരോധ കുത്തിവയ്പ്പ് നൽകും. നേരത്തെ നൽകിയിരുന്ന പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റർ ഡോസുകളാണ് നൽകുന്നത്.
കടിയേറ്റവർ ജാഗ്രത പാലിക്കണം
നായയുടെ കടിയേറ്റവർ ജാഗ്രത പുലർത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ നിർദേശിച്ചു. നഗരത്തിൽ ഏറ്റവും കൂടുതൽ തെരുവു നായ്ക്കളുള്ള പ്രദേശത്താണ് ആക്രമണമുണ്ടായത്. ചത്ത നായ മറ്റു നായകളെ കടിച്ചിട്ടുണ്ടോയെന്നതിൽ വ്യക്തതയില്ല. ഇതോടെ മാർക്കറ്റിലടക്കം എത്തുന്നവരും നഗരവാസികളും തൊഴിലാളികളും കുട്ടികളുമെല്ലാം ആശങ്കയിലാണ്.
പേവിഷ ബാധ സ്ഥീകരിച്ചതോടെ ഇന്ന് മുതൽ പ്രതിരോധ നടപടികൾ ശക്തമാക്കും.
-(ഡോ.മനോജ് കുമാർ, ജില്ലാ വെറ്ററിനറി ഓഫീസർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |