സി.പി.ഐ ജില്ലാ സമ്മേളനങ്ങളിൽ അവസാനത്തേതായിരുന്നു പത്തനംതിട്ടയുടേത്. പത്തനംതിട്ടയെ എന്തുകൊണ്ട് ഒടുവിലാക്കി എന്ന ചാേദ്യത്തിന് പ്രത്യക്ഷത്തിൽ വലിയ പ്രസക്തിയില്ല. എന്നാൽ, ചില പ്രശ്നങ്ങൾ ജില്ലാ ഘടകത്തിലുണ്ടായിരുന്നു. മറ്റു ജില്ലകളിലെ സമ്മേളനങ്ങൾ കശപിശയൊന്നുമില്ലാതെ പൂർത്തിയാക്കിയ ശേഷം പത്തനംതിട്ടയിൽ നടത്തിയത് അതുകൊണ്ടായിരിക്കാം എന്നു കരുതുന്ന പാർട്ടി സ്നേഹികളുണ്ട്. ഒന്നരവർഷമായി സ്വന്തം ജില്ലക്കാരനായ അല്ലെങ്കിൽ ജില്ലയിലെ പ്രവർത്തകരെ അറിയാവുന്ന പാർട്ടി സെക്രട്ടറി ഇല്ലാതിരുന്നതിന്റെ കുറവ് പാർട്ടിയെ ആകെ ഉലച്ചുകളഞ്ഞു. ഇക്കാലയളവിൽ അംഗങ്ങളുടെ എണ്ണം ആയിരത്തിലേറെ കുറഞ്ഞു. പലവിധ കാരണങ്ങളാൽ പ്രവർത്തകരുടെ ആത്മവിശ്വാസം ചോർന്നു നിൽക്കുന്ന സമയത്താണ് ജില്ലാ സമ്മേളനം നടത്തിയത്. പൊതുസ്വീകാര്യനായ സെക്രട്ടറിയായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെയും തിരഞ്ഞെടുത്തു. അദ്ദേഹത്തിന് പത്തനംതിട്ടയുടെ 'പൾസും' പാർട്ടി പ്രവർത്തകരെയും അടുത്തറിയാം. മറ്റു പാർട്ടിക്കാരുമായും അടുത്ത സൗഹൃദമുണ്ട്. നീണ്ട ചർച്ചയ്ക്കും തർക്കങ്ങൾക്കും ഒടുവിൽ സമവായ നീക്കത്തിലാണ് ചിറ്റയത്തെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സെക്രട്ടറി സ്ഥാനത്തേക്ക് കോന്നിയിൽ നിന്നുള്ള പ്രതിനിധി പി.ആർ. ഗോപിനാഥനും തിരുവല്ലയിൽ നിന്നുള്ള അഡ്വ. രതീഷിനും വേണ്ടി ജില്ലാ എക്സിക്യൂട്ടീവിൽ വാദമുയർന്നതിനെ തുടർന്ന് സമവായത്തിലൂടെ ചിറ്റയത്തെ തിരഞ്ഞെടുക്കുകയായിരുന്നു. എക്സിക്യൂട്ടീവിന്റെ തീരുമാനം പ്രതിനിധി സമ്മേളനം അംഗീകരിച്ചു.
അടൂർ പന്നിവിഴയിലാണ് ചിറ്റയത്തിന്റെ സ്ഥിരതാമസം. അടൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി മൂന്നുതവണയായി ജനപ്രതിനിധിയാണ്. കൊല്ലം പനയം വില്ലേജിൽ ചിറ്റയം കാട്ടുവിള പുത്തൻ വീട്ടിൽ കർഷക തൊഴിലാളികളായ ടി. ഗോപാലകൃഷ്ണന്റെയും ടി.കെ. ദേവയാനിയുടെയും മകനാണ് അറുപതുകാരനായ ചിറ്റയം.
പാർട്ടി ചുമതലയും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും ഒന്നിച്ചു കൊണ്ടുപോകുന്നതിന് നിയമ തടസങ്ങളില്ല. സ്പീക്കർക്കു മാത്രമാണ് രാഷ്ട്രീയ പ്രവർത്തനം പാടില്ലാത്തത്. ഡെപ്യൂട്ടി സ്പീക്കർ ഭരണഘടനാ സ്ഥാപനമാണെങ്കിലും സ്പീക്കറുടെ അധികാരമില്ല. സ്പീക്കർ എപ്പോൾ അധികാരം കൈമാറുന്നോ അപ്പോൾ മാത്രമാണ് സ്പീക്കറുടെ അധികാരം ഡെപ്യൂട്ടി സ്പീക്കർക്ക് ലഭിക്കുന്നത്. ഒന്നുകിൽ സ്പീക്കർ രാജിവയ്ക്കണം. അല്ലെങ്കിൽ സ്പീക്കർ കുറച്ചുനാളത്തേയ്ക്ക് ഇല്ലാതിരിക്കണം. നിയമസഭാ സമ്മേളനത്തിൽ ചെയറിൽ ഇരിക്കുമ്പോൾ മാത്രമേ ഡെപ്യൂട്ടി സ്പീക്കർക്ക് സ്പീക്കറുടെ അധികാരമുണ്ടാകൂ. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് എൽ.ഡി.എഫിന്റെ ഇലക്ഷൻ കമ്മിറ്റി പ്രസിഡന്റായിരുന്നു ചിറ്റയം ഗോപകുമാർ.
പാർട്ടിയുടെ അമരത്തേക്ക്
ചിറ്റയം ഗോപകുമാർ ജില്ലാ സെക്രട്ടറിയായതോടെ ജില്ലയിലെ വിഭാഗീയതയ്ക്ക് അറുതിയാകുമെന്നാണ് സി.പി.ഐ സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ പാർട്ടിയിൽ പടിപടിയായി ഉയർന്നാണ് ചിറ്റയം നേതൃസ്ഥാനത്ത് എത്തിയത്. അഞ്ചാലുംമൂട്, കൊട്ടാരക്കര എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കൊട്ടാരക്കര സെന്റ് ഗ്രീഗോറിയസ് കോളേജിൽ എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറിയായി വിദ്യാർത്ഥി രാഷ്ട്രീയം ആരംഭിച്ചു. കൊട്ടാരക്കര താലൂക്ക് സെക്രട്ടറി, കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എ.ഐ.വൈ.എഫിലും എ.ഐ.ടി.യു.സിയിലും പ്രവർത്തിച്ചു. കർഷകത്തൊഴിലാളി ഫെഡറേഷൻ കൊല്ലം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, ദേശീയ കൗൺസിൽ അംഗം, എ.ഐ.ടി.യു സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം, കശുഅണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ സംസ്ഥാന സെക്രട്ടറി, ആശാവർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, പട്ടികജാതി വികസന കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ പ്രസിഡന്റ്, കെ.ടി.ഡി.സി എംപ്ലോയിസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എന്നീ ചുമതലകൾ വഹിക്കുന്നു. കലാസാംസ്കാരിക സംഘടനയായ ഇപ്റ്റ', യുവകലാസാഹിതി എന്നിവയുടെ നേതൃരംഗത്തുണ്ട്. ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് അടൂരിന്റെ രക്ഷാധികാരി. കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായിരിക്കെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അടൂരിൽ എത്തിയത്.
എ.പി ജയന്റെ തിരിച്ചുവരവ്
സി.പി.ഐ മുൻ ജില്ലാ സെക്രട്ടറി എ.പി ജയൻ പാർട്ടിയുടെ ജില്ലാ കൗൺസിലിൽ മടങ്ങിയെത്തി. പത്തിൽ എട്ട് മണ്ഡലം കമ്മറ്റികളുടെ പ്രതിനിധികളും ജയനെ ജില്ലാ കൗൺസിലിൽ തിരിച്ചെടുക്കണമെന്ന് ജില്ലാ സമ്മേളനത്തിന്റെ സംഘടനാ ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു. ഒന്നരവർഷം മുമ്പാണ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജയനെ പെരിങ്ങനാട് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് മാറ്റിയത്. ഇക്കാലയളവിൽ പാർട്ടി ജില്ലയിൽ നിർജീവമായിരുന്നുവെന്നും അംഗങ്ങളുടെ എണ്ണം കുറഞ്ഞുവെന്നും ബ്രാഞ്ച് മുതൽ മണ്ഡലം സമ്മേളനങ്ങളിൽ വരെ ചർച്ചയായിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ ശേഷം ബ്രാഞ്ച് കമ്മറ്റിയിൽ പ്രവർത്തിച്ച ജയൻ ബ്രാഞ്ചിൽ നിന്ന് ലോക്കൽ സമ്മേളന പ്രതിനിധിയായി. തുടർന്ന് മണ്ഡലം സമ്മേളന പ്രതിനിധിയായി. അവിടെ നിന്ന് ജില്ലാ സമ്മേളന പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്തംഗവും എ.ഐ.വൈ.എഫ് സംസ്ഥാന സമിതിയംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ പാർട്ടി നേതൃത്വത്തിന് നൽകിയ പരാതിയെ തുടർന്നായിരുന്നു ജയനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയത്. പുതിയ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാറുമായി വർഷങ്ങളായി ആത്മബന്ധമുള്ളയാളാണ് ജയൻ. ചിറ്റയം അടൂരിൽ മൂന്നുതവണ തുടർച്ചയായി മത്സരിച്ച് വിജയം നേടിയപ്പോൾ പാർട്ടിയുടെ തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയായിരുന്നു എ.പി. ജയൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |