മലയിൻകീഴ്: സഞ്ചാരയോഗ്യമല്ലാതെ തകർന്നുകിടക്കുന്ന പഞ്ചായത്ത് റോഡുകളിലൂടെ ജീവൻ പണയപ്പെടുത്തി യാത്ര ചെയ്യേണ്ട ഗതികേടിലാണ് ജനങ്ങൾ. മാറനല്ലൂർ പഞ്ചായത്തിലെ ഭജനമഠം ക്ഷേത്രറോഡ് നവീകരണം നടന്നിട്ട് മാസങ്ങളേ ആയിട്ടുള്ളൂവെങ്കിലും ഈ റോഡിന്റെ പല ഭാഗത്തും മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്ന് പൊട്ടിപ്പൊളിഞ്ഞുതുടങ്ങി.
വിഴവൂർ-പൊറ്റയിൽ,കല്ലുപാലം-വേങ്കൂർ,പ്ലാത്തറത്തല-പഴവൂട്ടുനട ക്ഷേത്രം എന്നീ വിളവൂർക്കൽ പഞ്ചായത്ത് റോഡുകളും സഞ്ചാരയോഗ്യമല്ല. മലയിൻകീഴ് പഞ്ചായത്തിലെ മണപ്പുറം-ശാന്തിനഗർ റോഡ് തകർന്ന് തരിപ്പണമായി കിടക്കുകയാണ്. അര കിലോമീറ്റർ പോലും ദൈർഘ്യമില്ലാത്ത റോഡ് നവീകരിക്കാത്തതിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്. പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലാണ് ഈ സ്ഥിതി. മണപ്പുറം,കുരുവിൻമുകൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നതിന് എളുപ്പമാർഗമാണീ ഇടറോഡ്.
ഓഫീസ് വാർഡിലെ ശാന്തുമൂല-കോയിക്കൽ റോഡും തകർന്ന് കിടക്കുകയാണ്.റോഡിന്റെ പല ഭാഗങ്ങളിലും വൻ കുഴികൾ രൂപപ്പെട്ടത് ഇരുചക്രവാഹനയാത്രക്കാർ അപകടത്തിലാകുന്നത് പതിവായിട്ടുണ്ടിവിടെ. മലയിൻകീഴ് ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോഴും പേയാട്-കരിപ്പൂര് ഭാഗത്തേക്ക് പോകുന്നതിനും മലയിൻകീഴ് ജംഗ്ഷൻ തൊടാതെ പാപ്പനംകോട് ഭാഗത്തേക്ക് പോകുന്നതിനും ഈ റോഡ് യാത്രക്കാർക്ക് പ്രയോജനപ്പെടുന്നുണ്ട്. എന്നാൽ റോഡ് നവീകരണം എപ്പോൾ നടക്കുമെന്ന് ആർക്കുമറിയില്ല.
തകർന്ന് സഞ്ചരയോഗ്യമല്ലാതെ കിടക്കുന്ന ഗ്രാമീണ റോഡുകൾ നവീകരിക്കണമെന്ന ആവശ്യം ജനങ്ങൾക്കിടയിൽ ശക്തമായിട്ടുണ്ട്. ഭൂരിഭാഗം പഞ്ചായത്ത് റോഡുകളും സമീപത്തെ പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്നവയാണ്.
നവീകരണങ്ങൾ നടക്കുന്നില്ല
ശ്രീകൃഷ്ണപുരം-മഞ്ചാടി റോഡ് നവീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടും മാസങ്ങൾ കഴിഞ്ഞു. ഇതുവരെ ചില ഭാഗത്ത് ഓട നിർമ്മാണം നടന്നതൊഴിച്ചാൽ മറ്റ് നവീകരണങ്ങൾ നടന്നിട്ടില്ല. നൂതനരീതിയിൽ റോഡ് നവീകരിക്കുമെന്ന് വാഗ്ദാനം നൽകിയിട്ടും കാലങ്ങളായി.
പുന്നാവൂർ-അറ്റത്തുകോണം, വണ്ടന്നൂർ-കുക്കുറുണി എന്നീ മാറനല്ലൂർ പഞ്ചായത്ത് റോഡുകളും തകർന്ന നിലയിലാണ്. ജീവൻ പണയപ്പെടുത്തിയാണ് സ്വകാര്യ വാഹനങ്ങൾ ഇതുവഴി കടന്നു പേകുന്നത്.മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നതും പലപ്പോഴും അപകടത്തിന് കാരണമാകാറുണ്ട്.
മേപ്പൂക്കട-ആശുപത്രി റോഡ്,
ടാറിംഗ് പാതിവഴിയിൽ
മേപ്പൂക്കട-ആശുപത്രി റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി മെറ്റൽ പാകിയെങ്കിലും ടാറിംഗ് ആരംഭിച്ചിട്ടില്ല. കുണ്ടും കുഴിമായിരുന്ന ഈ റോഡിൽ മഴക്കാലത്ത് പലഭാഗങ്ങളിലും വെള്ളം കെട്ടി നിന്നിരുന്നു. എന്നാൽ മെറ്റലിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും ടാറിംഗ് നടക്കാത്തതിനാൽ അവയെല്ലാം ഇളകിപ്പോയി. മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ നിന്നാണ് റോഡ് ആരംഭിക്കുന്നത്. ആശുപത്രിയിലെത്തുന്നവരും കാൽനട യാത്രക്കാരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. മെറ്റൽ ഇളകി കിടക്കുന്നത് അപകടത്തിന് കാരണമാകാറുണ്ട്. കാറ്റടിക്കുമ്പോഴും വാഹനങ്ങൾ പോകുമ്പോഴും പൊടി പടരുന്നതും പ്രദേശവാസികൾക്കും ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |