കണ്ണൂർ: വരുമാനമായി ലഭിച്ച പന്ത്രണ്ട് ലക്ഷത്തോളം രൂപ ട്രഷറിയിൽ അടക്കാതെ കബളിപ്പിച്ചുവെന്ന ആരോപണത്തിൽ പയ്യാമ്പലം ശാന്തിതീരം ശ്മശാനം നടത്തിപ്പുമായി ബന്ധപ്പെട്ട ജീവനക്കാരനെതിരേ ക്രിമിനൽ പെറ്റീഷൻ ഫയൽ ചെയ്യുമെന്ന് കൗൺസിൽ യോഗത്തിൽ മേയർ മുസ്ളീഹ് മഠത്തിൽ. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പി.കെ.രാഗേഷാണ് നടപടിയെടുക്കാനോ, പണം തിരിച്ചടപ്പിക്കാനോ കോർപറേഷന് സാധിച്ചില്ലെന്ന ആരോപണം ഉന്നയിച്ചത്. വിഷയം ഗൗരവമുള്ളതാണെന്ന് മറ്റ് കൗൺസിലർമാരും ചൂണ്ടിക്കാട്ടി.
കോർപറേഷന് ലഭിക്കേണ്ട തുക തിരിച്ചുപിടിക്കാനുള്ള നടപടിയെടുക്കണമെന്ന് കൗൺസിലർമാർ യോഗത്തിൽ ആവശ്യപ്പെട്ടു. 20204ൽ പയ്യാമ്പലം ശ്മശാനത്തിൽ ജോലിക്ക് നിന്നിരുന്ന ആളുകളെ ബെന്ധപ്പെട്ടായിരുന്നു ആരോപണം. ഈ വിഷയത്തിൽ ജീവനക്കാരെ കോർപറേഷനിലേക്ക് വിളിച്ച് വരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞതായും പണം അടക്കാൻ നോട്ടിസ് നൽകിയതായും സെക്രട്ടറി വിനും സി.കുഞ്ഞപ്പൻ വിശദീകരിച്ചു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകണമെന്ന് പി.കെ.രാഗേഷും ആവശ്യപ്പെട്ടു. അടിയന്തിര കൗൺസിൽ യോഗം വിളിച്ച് ചേർത്ത് ഈ വിഷയത്തിൽ പരിഹാരം കാണുമെന്ന് മേയർ ഉറപ്പ് നൽകി. കൗൺസിലർമാരായ ടി.രവീന്ദ്രൻ,എൻ. ഉഷ,സുരേഷ് ബാബു എളയാവൂർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
പന്ത്രണ്ട് ലക്ഷം ലഭിച്ചെന്ന് ആരോപണം
നോട്ടീസ് ഒന്നരലക്ഷം തിരിച്ചടക്കാൻ
12 ലക്ഷം എന്ന ആരോപണം നിലനിൽക്കുമ്പോഴാണ് ഒന്നര ലക്ഷം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട ജീവനക്കാരന് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒന്നരലക്ഷത്തിൽ കുറച്ച് തുക ജീവനക്കാരൻ തിരിച്ചടച്ചിട്ടുണ്ടെന്നും പറയുന്നു. പല കാരണങ്ങളുടെ പേരിൽ തുക തിരിച്ചടക്കാൻ കഴിയില്ലെന്ന് പറഞ്ഞ ഇയാൾക്കെതിരേ ക്രിമിനൽ പെറ്റീഷൻ ഫയൽ ചെയ്യാനാണ് തീരുമാനമെന്നും അടുത്ത കൗൺസിലിൽ ഇതിന്മേലുള്ള തീരുമാനം അറിയിക്കുമെന്നും സെക്രട്ടറി പറഞ്ഞു.
എന്നാൽ അതേസമയം പയ്യാമ്പലത്ത് നിന്ന് നഷ്ടപ്പെട്ട പണത്തെ സംബന്ധിച്ചുള്ള കൃത്യമായ കണക്ക് പറയാൻ പോലും സെക്രട്ടറിക്ക് സാധിക്കാത്തത് വലിയ വീഴ്ചയാണെന്ന് പ്രതിപക്ഷ കൗൺസിലർ എൻ.സുകന്യ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |