കൊല്ലം: രണ്ടാഴ്ചയ്ക്കിടെ ജില്ലയിൽ പനി ബാധിച്ച് 3 മരണം. പുനലൂർ ഉറുകുന്ന് റെയിൽവേ സ്റ്റേഷന് സമീപം പാറവിള വീട്ടിൽ ഉദയന്റെ മകൾ കാവ്യയാണ് (23) ഒടുവിൽ മരിച്ചത്. ഡെങ്കിപ്പനി, എലിപ്പനി ഉൾപ്പടെയുള്ള പകർച്ചവ്യാധികൾ സ്ഥിരിക്കരിക്കുമ്പോൾ ആരോഗ്യവകുപ്പ് മുൻകരുതൽ സ്വീകരിക്കാറുണ്ടെങ്കിലും മരണസംഖ്യ ഉയരുന്നതിൽ ആശങ്ക നിലനിൽക്കുകയാണ്.
കുട്ടികളും മുതിർന്നവരും ഉൾപ്പടെ ദിനംപ്രതി നൂറുകണക്കിന് പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നത്. രാത്രി വൈകിയും കാഷ്വാലിറ്റികളിൽ രോഗികൾ ക്യൂ നിൽക്കുന്ന സ്ഥിതിയാണ്. സ്ഥിരതയില്ലാത്ത കാലാവസ്ഥയാണ് പകർച്ചവ്യാധികൾ പടർത്തുന്നത്. പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമാകാറില്ല. രോഗം മൂർച്ഛിക്കുമ്പോൾ മാത്രമാണ് തിരിച്ചറിയുന്നത്. ഇതെല്ലാം മരണത്തിലേക്ക് തള്ളിവിടുന്നു.
ചൂട് കൂടുന്നതും ഇടവിട്ട് പെയ്യുന്ന മഴയും ഡെങ്കി കൊതുകുകളെ വളരാൻ സഹായിക്കും. കൊതുക് പെരുകാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കണം. വെള്ളക്കെട്ടുകൾ എലിപ്പനിയുടെ പെട്ടന്നുള്ള വ്യാപനത്തിന് കാരണമാണ്. കെട്ടിക്കിടക്കുന്ന വെള്ളവുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം. സ്വയം ചികത്സ ഒഴിവാക്കുകയും വേണം.
ചികിത്സ തേടി 8559 പേർ
വിവിധ പകർച്ചവ്യാധികൾ ബാധിച്ച് ഈ മാസം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത് 8559 പേർ. ഇതിൽ 204 പേർ കിടത്തി ചികിത്സയിലാണ്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടിയെടുത്താൽ രോഗസംഖ്യ ഉയരും. ഈ കാലയളവിൽ 54 പേർക്ക് ഡെങ്കിപ്പനിയും 13 പേർക്ക് എലിപ്പനിയും 91 പേർക്ക് ചിക്കൻപോക്സും 4 പേർക്ക് മലേറിയയും 41 പേർക്ക് ഹെപ്പറ്റൈറ്റിസ് എയും 5 പേർക്ക് ചെള്ളുപനിയും സ്ഥിരീകരിച്ചു.
ചികിത്സ തേടിയവർ
(ആഗസ്റ്റ് 1-19 വരെ)
പനി ബാധിതർ-204
ഡെങ്കിപ്പനി-54
എലിപ്പനി-13
മലേറിയ-1
ഹെപ്പറ്റൈറ്റിസ് എ-41
ചിക്കൻപോക്സ്-91
ചെള്ളുപനി-5
മരണം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലെ സാഹചര്യം വിലയിരുത്തി മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്.
സിന്ധു ശ്രീധരൻ,
ഡി.എസ്.ഒ, കോല്ലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |