യമഹ ആർ എക്സ് 100 ബൈക്കിൽ നാഗർകോവിൽനിന്ന് പാലക്കാട് വരെ നീളുന്ന 'മാരീസൻ" യാത്ര പ്രേക്ഷകരുടെ ഹൃദയത്തിൽനിന്ന് ഒ.ടി.ടി പ്ളാറ്റ്ഫോമിലേക്ക് ഇറങ്ങി. ഫഹദ് ഫാസിലിനെയും വടിവേലുവിനെയും ഓടിച്ചു കൊണ്ടു പോയത് ഇവരാണ്. കോഴിക്കോടുകാരൻ സംവിധായകൻ സുധീഷ് ശങ്കറും കൊല്ലത്തുകാരൻ തിരക്കഥാകൃത്ത് കൃഷ്ണമൂർത്തിയും.
ദിലീപ് നായകനായ വില്ലാളിവീരനും നിരവധി ജനപ്രിയ സിരീയലുകളും ഒരുക്കിയ സുധീഷ് ശങ്കർ തമിഴിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ. ചെന്നൈയിൽ ജീവിക്കുന്ന കൃഷ്ണമൂർത്തിയുടെ ആദ്യ തമിഴ് ചിത്രം. മാമന്നനുശേഷം വടിവേലു -ഫഹദ്ഫാസിൽ കോമ്പോ വീണ്ടും സ്ക്രീനിൽ വിജയയാത്ര നടത്തിയതു മലയാളിയും കണ്ടു.
ഹനുമാൻ ഗിയറിന് മുൻപ്
സുധീഷ് : ഫഹദ് നായകനായി 'ഹനുമാൻ ഗിയർ " എന്ന ഡ്രീം പ്രോജക്ടുമായി മുന്നോട്ടുപോവുമ്പോഴാണ് ബഡ്ജറ്റ് ഉദ്ദേശിച്ചതിലും കൂടുതൽ വരുമെന്ന് തിരിച്ചറിയുന്നത്. ആ സമയത്താണ് ഫഹദ് വിളിക്കുന്നതും മൂർത്തിയുടെ കഥ കേൾക്കാൻ പറയുന്നതും. ഫഹദിന് കഥ ഇഷ്ടപ്പെട്ടതാണ്. തിരുനെൽവേലി പാളയംകോട്ടൈ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന ദയ എന്ന മോഷ്ടാവ് നാഗർകോവിലിൽ കവർച്ച നടത്താൻ കയറുന്ന വീട്ടിൽ വേലായുധംപിള്ളയെ കണ്ടുമുട്ടുന്നതും ഇവർ രണ്ടുപേരുംചേർന്ന് നടത്തുന്ന യാത്ര എനിക്കും ഇഷ്ടപ്പെട്ടു. ഇന്നത്തെ കാലഘട്ടത്തിൽ അനുയോജ്യമായ സന്ദേശം നൽകാൻ കഴിയുന്ന പ്രമേയം. വടിവേലു കൂടി എത്തിയപ്പോൾ തമിഴിൽതന്നെ ചെയ്യാൻ തീരുമാനിച്ചു. മൂർത്തിയുടെ മനസിലും കഥ തമിഴിൽ തന്നെയായതിനാൽ കൂടുതൽ ധൈര്യം എനിക്ക് വന്നു.
കന്യാകുമാരി, നാഗർകോവിൽ, തിരുനെൽവേലി, മധുര, തിരുവണ്ണാമലൈ, ചെന്നൈ എന്നിവിടങ്ങളിലെ തിരക്കേറിയ റോഡിൽ ഫഹദും വടിവേലുവുമായി ഷൂട്ട് ചെയ്യുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. കഥയിൽ സ്ഥലങ്ങൾക്ക് പ്രാധാന്യം ഏറെയായതിനാൽ അവിടേക്ക് സഞ്ചരിക്കേണ്ടിവന്നു. പ്രേക്ഷകരുടെ മനസ് 'മാരീസൻ" ചെറുതായി തൊടാൻ സാധിച്ചെങ്കിൽ അതിന് ഫഹദിനും വടിവേലുവിനും നന്ദി പറയുന്നു . പ്രതിഭാധനരായ രണ്ട് നടൻമാരുടെ ആത്മാർത്ഥമായ പിന്തുണയുടെ ഫലമാണ് മാരീസന്റെ വിജയം. പ്രേക്ഷകർ ആരും കുറ്റം പറഞ്ഞില്ല എന്നത് സംവിധായകൻ എന്ന നിലയിൽ തരുന്ന സന്തോഷം വലുതാണ്.
മറഡോണയ്ക്ക് ശേഷം
മൂർത്തി : ഒരുപാട് യഥാർത്ഥ സംഭവങ്ങളിൽ നിന്നുണ്ടായ സ്വാധീനത്തിൽ സംഭവിച്ചതാണ് 'മാരീസൻ" എന്നുവേണമെങ്കിൽ പറയാം. ഉള്ളിൽ ഉണ്ടായ അമർഷം സിനിമയിൽ കൂടി പറയാൻ ശ്രമിച്ചുവെന്ന് മാത്രം. സമൂഹ നന്മയ്ക്കുവേണ്ടിയാവണം വേലായുധംപിള്ള ഇറങ്ങിത്തിരിക്കേണ്ടതെന്ന് ആഗ്രഹിച്ചു. കേരളത്തിൽ ജനിച്ചു വളർന്നതെങ്കിലും മാതൃഭാഷ തമിഴാണ്. തമിഴിൽ കഥപറയാൻ അത് ഒരു കാരണം ആണ്. ആറുദിവസത്തെ കഥയാണ് 'മാരീസൻ". മൂന്നാലുദിവസം റോഡ് യാത്ര വേണ്ടി വരും. കേരളത്തിന്റെ ഭൂപ്രദേശം അനുസരിച്ച് ഇവിടെ കഥ പറയാൻ ഇത്ര ദിവസം വേണ്ടിവരില്ല. തമിഴ്നാട്ടിൽ ഉൾനാടൻ പ്രദേശങ്ങളും ഗ്രാമങ്ങളും കൂടുതലാണ്. കഥയിൽ കൊലപാതങ്ങൾ നടക്കുന്നതെല്ലാം ഇവിടെയാണ്. ഷൂട്ട് ചെയ്ത സ്ഥലത്ത് ഒരിടത്തും സി.സി .ടി.വി ഇല്ലായിരുന്നു. ഇത്തരം പ്രദേശത്ത് കൂടിതന്നെ കഥ പറയണമെന്ന് തീരുമാനിച്ചു. തമിഴിൽ ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹവും 'മാരീസൻ" സാധിച്ചു തന്നു.ത്രില്ലർ സിനിമ എഴുതുമ്പോൾ പഴുതുകൾ അടച്ചു മുന്നോട്ടുപോവാനാണ് എല്ലാ എഴുത്തുകാരും ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും. സിനിമയുടെ രസചരടിനെ ബാധിക്കുന്നുവെന്ന് തോന്നുമ്പോൾ മേക്കിംഗ് എന്ന മാജിക്കിനെ വിശ്വസിച്ച് ലോജിക്കിനെ മൂടിവച്ച് മുന്നോട്ടുപോവും. മാരീസനിൽ ഇങ്ങനെ ചെയ്യാൻ സാധിച്ചുവെന്നാണ് വിശ്വാസം.
ടൊവിനോ തോമസ് നായകനായ 'മറഡോണ" ആണ് തിരക്കഥ എഴുതുന്ന ആദ്യ സിനിമ. മനപൂർവം ഇടവേള സംഭവിച്ചതല്ല. മറ്റൊരു റോഡ് മൂവി എഴുതിയെങ്കിലും ഓൺ ആയില്ല. വേറെയും ഒന്നുരണ്ട് കഥകൾ എഴുതി. പിന്നെ, സിനിമ സംഭവിക്കുന്നതാണല്ലോ. സമയവും എല്ലാം കൂടി ഒത്തുവരണം. സംവിധാനം തന്നെയാണ് ആഗ്രഹം. സംസാരം നടക്കുന്നു. അടുത്ത വർഷം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |